ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയും മകളും തീകൊളുത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തിന് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭൂമി തര്‍ക്ക കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാട്ടിയെന്നാരോപിച്ചായിരുന്നു വെള്ളിയാഴ്‌ച അമ്മയും മകളും തീകൊളുത്തിയത്. കോണ്‍ഗ്രസ് നേതാവായ അനൂപ് പട്ടേല്‍ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായി സ്‌ത്രീകളെ തീകൊളുത്താന്‍ പ്രേരിപ്പിച്ചുവെന്ന് ലക്‌നൗ പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്‌ത്രീക്ക് 90 ശതമാനം പൊള്ളലേറ്റിറ്റുണ്ടെന്ന് സിവില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മകളുടെ നില തൃപ്‌തികരമാണ്. അമേത്തിയിലെ ജാമോ പൊലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. തീകൊളുത്തിയ സഫിയയുടെയും മകളായ ഗുഡിയയുടെയും ആത്‌മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് സുപ്രണ്ട് ക്യാതി ഗര്‍ഗ് പറഞ്ഞു. കേസ് അഡീഷണല്‍ പൊലീസ് സുപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമദൃഷ്‌ടിയില്‍ ആത്‌മഹത്യാശ്രമം ഗൂഡാലോചനയുടെ ഭാഗമാണെന്ന് കരുതുന്നതായി ലക്‌നൗ പൊലീസ് കമ്മീഷണര്‍ സുജീത് പാണ്ഡെ അറിയിച്ചു. ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായി ചിലര്‍ ഇവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും സുജിത് പാണ്ഡെ പറഞ്ഞു. ആസ്‌മ, സുല്‍ത്താന്‍, എഐഎംഐഎം അമേതി ജില്ലാ പ്രസിഡന്‍റ് ഖദീര്‍ ഖാന്‍, മുന്‍ കോണ്‍ഗ്രസ് വക്താവ് അനൂപ് പട്ടേല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌ത്രീകളോട് ലക്‌നൗവില്‍ എത്താന്‍ ആവശ്യപ്പെടുകയും തീകൊളുത്തി ആത്‌മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രശ്‌നം ശ്രദ്ധ പിടിച്ചുപറ്റുകയും എളുപ്പം പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് സ്‌ത്രീകളോട് പറഞ്ഞതായി സുജിത് പാണ്ഡെ പറഞ്ഞു. ഇരുവരും കോണ്‍ഗ്രസ് ഓഫീസിലെത്തി അനൂപ് പട്ടേലിനെ കണ്ടതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച വൈകുന്നേരം 5.40നാണ് സഫിയയും(55) മകളും മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് തീകൊളുത്തിയത്. പൊലീസുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. സ്‌ത്രീക്ക് 90 ശതമാനവും മകള്‍ക്ക് 15 ശതമാനവും പൊള്ളലേറ്റെന്ന് മെഡിക്കല്‍ സുപ്രണ്ട് അശുതോഷ് ദുബൈ പറഞ്ഞു.