റായ്‌പൂർ: ഋഷിവര്യന്മാരുടെ ക്ഷേത്രങ്ങള്‍ നാം കണ്ടിരിക്കാം.. വിശുദ്ധരുടെയും രാജാക്കന്മാരുടെയും ശവകുടീരങ്ങളും നാം കണ്ടിരിക്കാം.. എന്നാല്‍ തത്തയ്ക്ക് വേണ്ടി നിർമിച്ച കല്ലറയെക്കുറിച്ച് കേട്ടിട്ടുണ്ടോ..? അത്തരത്തിലൊരു ശവകുടീരമാണ് ഛത്തീസ്‌ഗഡിലെ അംബികാപൂരില്‍ സ്ഥിതി ചെയ്യുന്ന തക്കിയാ ഷെരീഫ്. ബാബാ മൊഹബത്ത് ഷാ എന്ന സൂഫി വര്യന്‍റെതായിരുന്നു തത്ത. അദ്ദേഹത്തിന്‍റെ ആരാധനാലയവും അടുത്ത് തന്നെയുണ്ട്.. ഇവിടെ എത്തുന്നവര്‍ മൊഹബത്ത് ഷായെയും അദ്ദേഹത്തിന്‍റെ തത്തയെയും ഒരുപോലെ ആരാധിക്കുന്നു. വര്‍ണാഭമായ വസ്ത്രങ്ങളാണ് വിശ്വാസികൾ ഇവിടെ സമർപ്പിക്കുക. ആരാധനാലയത്തിലും തത്തയുടെ ശവകുടീരത്തിലും ഈ വസ്ത്രങ്ങള്‍ അര്‍ച്ചന ചെയ്യും.
ഛത്തീസ്‌ഗഡിലെ തന്നെ ഏറ്റവും പഴക്കമേറിയ ആരാധനാലയമാണ് തക്കിയ ഷെരീഫെന്ന് അഭിഭാഷകന്‍ അബ്‌ദുള്‍ റഷീദ് സിദ്ദിഖി പറയുന്നു. പണ്ട് ഒരു കുടിലായിരുന്നു തക്കിയ ഷെരീഫ്. അതിനാൽ കോണ്‍ക്രീറ്റ് കെട്ടിടമാക്കി മാറ്റി പണിയാൻ തീരുമാനിച്ചു. അതിനായി മണ്ണ് കുഴിക്കാൻ തുടങ്ങിയപ്പോൾ ചാരം പുറത്തു വരാന്‍ തുടങ്ങി. ആഴത്തിൽ വീണ്ടും കുഴിച്ചപ്പോഴും ചാരം വന്നുകൊണ്ടേയിരുന്നു. ഒടുവിൽ ചാരത്തിന് മുകളില്‍ തറ പണിയാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി ചാരത്തിന് മുകളില്‍ തന്നെ ആരാധനാലയം നിലനിന്നുവെന്നത് അത്ഭുതകരമാണ്. മദരി വിഭാഗത്തിലെ സൂഫി വര്യനായിരുന്നു ഷാ എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.