കേരളം

kerala

ETV Bharat / bharat

ഭരണഘടനയും ജനാധിപത്യവും അംബേദ്കറിന്‍റെ ഓർമ്മയില്‍ - അംബേദ്കര്‍ ജയന്തി

നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടി അംബേദ്കർ മുന്നില്‍ നിന്ന് പോരാട്ടം നയിച്ചു.

ഡോക്ടര്‍ ഭീംറാവു രാംജി അംബേദ്കര്‍

By

Published : Apr 14, 2019, 2:05 PM IST

ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകന്‍ ഡോക്ടര്‍ ഭീംറാവു രാംജി അംബേദ്കര്‍ ജന്മവാർഷിക ദിനമാണ് ഇന്ന്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നട്ടെല്ലായ ഭരണഘടനക്ക് ജീവന്‍ നല്‍കിയ വ്യക്തി എന്ന നിലയിലാണ് ഡോ ബിആർ അംബേദ്കറിനെ നാം ഓർക്കുന്നത്. 1891 ഏപ്രില്‍ 14ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും പതിനാലാമത്തെ മകനായാണ് അംബേദികര്‍ ജനിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടി അംബേദ്കർ മുന്നില്‍ നിന്ന് പോരാട്ടം നയിച്ചു. ജനതയെ ജാതീയമായി ഭിന്നിപ്പിക്കുന്ന മനുസ്മൃതി പരസ്യമായി കത്തിച്ചുകൊണ്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി.
1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. രാഷ്ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധ:സ്ഥിത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ഗവണ്‍മെന്‍റ് ജോലികളും ലഭിക്കാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി സൈമണ്‍ കമ്മീഷന് മെമ്മോറാണ്ടം നല്‍കി. ഉന്നത ജാതിയില്‍ പെട്ട കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിന്‍റെ ഒരു മൂലയില്‍ ചാക്കിലിരുന്ന് പഠിച്ച അംബേദ്കര്‍ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിത വർഗ്ഗക്കാരിൽ ഒരാളായി മാറി. പിന്നീട് ഉന്നത പഠനത്തിനായി ന്യൂയോര്‍ക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്ക് പോയി. രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി.
സഹപാഠികളുടെയും സമൂഹത്തിന്‍റെയും തൊട്ടുകൂടായ്മയില്‍ നിന്നും അയിത്തത്തില്‍ നിന്നും അദ്ദേഹം നടന്നു കയറിയത് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന സിംഹാസനത്തിലേക്കായിരുന്നു. ' ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചത്. എന്നാല്‍ ഒരിക്കലും മരിക്കുന്നത് ഹിന്ദു ആയിട്ടായിരിക്കില്ല '. 1935ല്‍ നാസികില്‍ വച്ച് അംബേദ്കര്‍ പ്രഖ്യാപിച്ചതാണിത്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുടര്‍ച്ചയായി വിമര്‍ശിച്ചുകൊണ്ടിരുന്ന അംബേദ്കര്‍ ഒടുവില്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956 ഡിസംബര്‍ ആറിനാണ് അംബേദ്കര്‍ അന്തരിക്കുന്നത്. ജാതീയമായ ഉച്ചനീതത്വങ്ങൾ ഇപ്പോഴും ശേഷിക്കുന്ന ഇന്ത്യയില്‍ അംബേദ്കറുടെ ആശയങ്ങൾക്കും ഓർമ്മകൾക്കും വലിയ പ്രധാന്യമുണ്ട്.

ABOUT THE AUTHOR

...view details