ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്ക് കൊവിഡ് -19 രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഇറ്റലിയില്‍ നിന്നെത്തിയ 21 അംഗ സംഘത്തിലെ 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ചവ്വാലയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലാണ് വൈറസ് ബാധിച്ചവര്‍. ഡല്‍ഹി- 1, ആഗ്ര -6, തെലങ്കാന -1, കേരളം -3(രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് മന്ത്രി വ്യക്തമാക്കിയ കണക്കുകള്‍.
കൊവിഡ് 19 വ്യാപനത്തിന്‍റെ ഭാഗമായി ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. ഐസൊലേഷന്‍ വാര്‍ഡുകള്‍ എല്ലായിടത്തും സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നല്‍കി.
വളരെ വേഗത്തില്‍ വ്യാപിക്കുന്ന രോഗമാണ് കൊവിഡ് 19. എന്നാല്‍ ചെറിയ മുന്‍ കരുതല്‍ എടുത്താല്‍ പ്രതിരോധിക്കാന്‍ കഴിയും. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയാല്‍ ആശുപത്രിയില്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 5,89,000 ആളുകളേയും തുറമുഖങ്ങളില്‍ 15000 ആളുകളെയും അതിര്‍ത്തിയില്‍ പത്ത് ലക്ഷം ആളുകളെയുമാണ് ഇതുവരെ പരിശോധന നടത്തിയത്.
മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇറാന്‍, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിർബന്ധമായും ഒഴിവാക്കാനും മന്ത്രി നിർദ്ദേശിച്ചു.