കൊറോണ വൈറസ്; ശേഷിക്കുന്ന ഇന്ത്യക്കാരും ഡല്‍ഹിയിലെത്തി
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളും ഞായറാഴ്ച ന്യൂഡൽഹിയില്‍ എത്തിയത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്നും ശേഷിക്കുന്ന ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളും ഞായറാഴ്ച രാവിലെ ന്യൂഡൽഹിയില്‍ എത്തിയത്. പുലർച്ചെ 3: 10നാണ് വുഹാനിൽ നിന്നും വിമാനം പുറപ്പെട്ടത്. മാലിദ്വീപ് സ്വദേശികളെ ഡല്‍ഹിയില്‍ എത്തിച്ചതിന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനും നന്ദി അറിയിച്ചു. അംബാസഡർമാരായ വിക്രം മിശ്രി, സഞ്ജയ് സുധീർ എന്നിവർക്കും അവരുടെ ടീമുകൾക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും ഷാഹിദ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച വുഹാനില്‍ നിന്നും 324 പേരടങ്ങുന്ന ആദ്യസംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയിരുന്നു.