ഇന്ന് ലോക എയിഡ്‌സ് ദിനം. എയിഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി അണുബാധയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഒന്നിന് ലോകം മുഴുവൻ എയിഡ്‌സ് ദിനമായി ആചരിക്കുന്നത്. 'കമ്മ്യൂണിറ്റീസ് മേക്‌സ് ദി ഡിഫറൻസ്' എന്നതാണ് ഇക്കൊല്ലത്തെ ചിന്താവിഷയം. 36.7 ദശലക്ഷം പേരാണ് എയിഡ്‌സ് രോഗവുമായി ലോകത്ത് ജീവിക്കുന്നത്.
ഇന്ന് ലോക എയിഡ്‌സ് ദിനം; അറിഞ്ഞിരിക്കാം മഹാരോഗത്തെക്കുറിച്ച് - രാജ്യത്ത് എയിഡ്‌സ് രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് യു.എന്‍ പഠനം.
രാജ്യത്ത് എയിഡ്‌സ് രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് യു.എന്‍ പഠനം
രാജ്യത്ത് എയിഡ്‌സ് രോഗ ബാധിതരുടെ എണ്ണം കുറയുന്നതായാണ് യു.എന്‍ 2017ല്‍ നടത്തിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2010 മുതല്‍ 2017 വരെയാണ് പഠനം നടത്തിയത്. ഈ കാലയളവില്‍ രാജ്യത്ത് എച്ച്.ഐ.വി ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള ബോധവത്‌കരണമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയോടൊപ്പം കംബോഡിയയിലേയും മ്യാന്‍മറിലേയും തായ്‌ലൻഡിലേയും എയിഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലക്ഷത്തില്‍ നിന്ന് 88,000 എന്ന നിരക്കിലേക്കാണ് എയിഡ്‌സ് ബാധിച്ചുള്ള മരണ നിരക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം എച്ച്.ഐ.വി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന രാജ്യങ്ങളില്‍ എയ്‌ഡ്‌സ് ബാധിതരോടുള്ള പൊതുജനങ്ങളുടെ സമീപനത്തിലും നല്ല മാറ്റം വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വേശ്യാവൃത്തി നിരോധിച്ചതാണ് രോഗ നിരക്ക് കുറയാനുള്ള പ്രധാന കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. 33 മുതല്‍ 46 ശതമാനം വരെ രോഗം പടരാനുള്ള സാധ്യത ഇത് കുറച്ചെന്നും പഠനത്തില്‍ പറയുന്നു.
എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2015 ല്‍ 86,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ 2017 ല്‍ 87,000 പേര്‍ക്ക് എയിഡ്‌സ് ബാധിച്ചു. 2017 ലെ കണക്ക് പ്രകാരം പുരുഷന്മാരിൽ 0.25 ശതമാനവും (0.18-0.34), സ്ത്രീകളിൽ 0.19 ശതമാനവുമാണ് (0.14-0.25) എച്ച്.ഐ.വി നിരക്ക്. മിസോറാമിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. തൊട്ടുപിന്നാലെ മണിപ്പൂർ, നാഗാലാൻഡ്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ കർണാടക, ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലും എയിഡ്‌സ് ബാധിതരുടെ എണ്ണം കൂടുതലാണ്. 1981 മുതൽ 2017 വരെ എച്ച്.ഐ.വി അണുബാധയും എയ്‌ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയിൽ കുറഞ്ഞുവെന്നാണ് വിലയിരുത്തുന്നത്. എയിഡ്‌സ് ദിനത്തിന്‍റെ ഭാഗമായി ഇന്നേ ദിവസം ചുവന്ന റിബണ്‍ ധരിച്ചാണ് ജനങ്ങള്‍ ബോധവത്‌കരണം നടത്തുന്നത്.