കാർഷിക ബില്ലുകൾ കർഷകർക്കുള്ള വധശിക്ഷ: രാഹുൽ ഗാന്ധി - rajya sabha
കാർഷിക നിയമങ്ങൾ നമ്മുടെ കർഷകർക്കുള്ള വധശിക്ഷയാണ്. പാർലമെന്‍റിലും പുറത്തും അവർ നിശബ്‌ദരാക്കപ്പെട്ടു.
ന്യൂഡൽഹി: കാർഷിക ബില്ലുകൾ കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "കാർഷിക നിയമങ്ങൾ നമ്മുടെ കർഷകർക്കുള്ള വധശിക്ഷയാണ്. പാർലമെന്‍റിലും പുറത്തും അവർ നിശബ്‌ദരാക്കപ്പെട്ടു. ഇന്ത്യയിലൽ ജനാധിപത്യം മരിച്ചുവെന്നതിന്‍റെ തെളിവാണിത്" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയപ്പോൾ വോട്ടിങ്ങ് ആവിശ്യപ്പെട്ട എം.പിമാർ ഹാജരായിരുന്നു എന്ന പത്രവാർത്തയോടൊപ്പം ആണ് രാഹുൽ ട്വീറ്റ് ചെയ്തത്.നേരത്തെ സർക്കാർ ഇത് നിഷേധിച്ചിരുന്നു. വൻകിട കച്ചവടക്കാരുടെ അടിമകളാക്കി കർഷകരെ മാറ്റുന്ന പുതിയ ബില്ലുകൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. എന്നാൽ പുതിയ നിയമങ്ങൾ കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്നും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുമെന്നുമാണ് സർക്കാർ വാദം.