മുംബൈ: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ ധാരാവിയില്‍ നിന്നും മാറ്റി പാര്‍പ്പിക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ മന്ത്രി രാജേന്ദ്ര ടോപെയാണ് ഇക്കാര്യം അറിയിച്ചത്. ധാരാവിയില്‍ 190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ റെഡ് സോണില്‍ പെടുത്തിയിരുന്നു. ജനങ്ങളോട് വീടുകളില്‍ കഴിയാനും ആവശ്യപ്പെട്ടു.
ധാരാവിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍ - ഉദ്ദവ് താക്കറെ
ധാരാവിയില്‍ 190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശം റെഡ് സോണിലാണ്. ജനങ്ങളോട് വീടുകളില്‍ കഴിയാനും ആവശ്യപ്പെട്ടിരുന്നു.
വളരെ ചെറിയ വീടുകളാണ് ധാരാവിയിലെ ചേരികളില്‍ ഉള്ളത്. ഇതില്‍ 10-12 പേര്‍ വരെ താമസിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഹോം ക്വാറന്‍റൈന്‍ എന്നത് പ്രദേശത്ത് ഫലപ്രദമാകില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലപാട്. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക മാത്രമാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും മുംബൈ മുൻസിപ്പല്‍ കമ്മീഷണർ പ്രവീണ്‍ പര്‍ദേശിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ സ്കൂള്‍ ഗ്രൗണ്ടുകള്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.പ്രധാന കേന്ദ്രങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
73000 ആളുകളാണ് പ്രദേശത്തുള്ളതെന്നാണ് കണക്ക്. ഇത്രയും പേരെ മാറ്റി പാര്‍പ്പിക്കണം. സംസ്ഥാനത്ത് 1.55 ലക്ഷം കിടക്കകളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മരണ നിരക്ക് കുറഞ്ഞു വരികയാണ്. പ്രതിദിനം 13 ശതമാനം രോഗികളാണ് രോഗ മുക്തരാകുന്നത്. നിലവില്‍ 90000 പേരുടെ പരിശോധന നടത്തി കഴിഞ്ഞു. 7112 പേരുടെ പരിശോധനയാണ് ദിനംപ്രതി നടക്കുന്നത്. കസ്തൂര്‍ബ ആശുപത്രിയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഫോട്ടോ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബൂത്തില്‍ ജോലി ചെയ്യുന്നവര്‍ പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.