ഇന്ത്യയിലെ അണക്കെട്ടുകളിൽ ഏറിയതും പഴക്കമേറിയതെന്ന് ഐക്യരാഷ്ട്രസഭ. 2025 ആകുമ്പോഴേക്കും 50 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ആയിരം അണക്കെട്ടുകൾ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പറയുന്നത്. ‘Ageing water infrastructure: An emerging global risk’ (പഴക്കം ചെല്ലുന്ന ജല സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍: ഉയര്‍ന്നു വരുന്ന ഒരു ആഗോള അപകടാവസ്ഥ) എന്ന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉളളത്. ഇത് അണക്കെട്ടുകളുടെ പ്രദേശത്ത് താമസിക്കുന്ന ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുമെന്നും വലിയ അപകട സാധ്യതയാണ് ഇത് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
* അണക്കെട്ടുകള്‍ തകരുന്നത് ഒട്ടേറെ ജീവനുകളും ജീവനോപാധികളും വസ്തുവകകളും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതുപോലെ വെള്ളപൊക്കം മൂലം ആവാസ വ്യവസ്ഥകളും വാസസ്ഥലങ്ങളും നഷ്ടപ്പെടും.
* “2050 ആകുമ്പോഴേക്കും ലോകത്തെ മിക്കവാറും എല്ലാ ജനങ്ങളും 20-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പതിനായിരകണക്കിന് അണക്കെട്ടുകളില്‍ നിന്നും വെള്ളമൊഴുകുന്ന മേഖലകളില്‍ വസിക്കുന്നവരായി മാറും. ഈ അണക്കെട്ടുകളില്‍ മിക്കവയും അവ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാലയളവിനുമപ്പുറം പഴക്കം ചെന്നിട്ടും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവയാണ്.'' എന്നും ആ റിപ്പോര്‍ട്ട് പറയുന്നു.
*പ്രസ്തുത റിപ്പോര്‍ട്ടില്‍ പഠനവിധേയമാക്കിയ അണക്കെട്ടുകളുടെ കൂട്ടത്തില്‍ ഇന്ത്യയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉള്‍പ്പെടുന്നു. കേരളത്തിലെ പെരിയാര്‍ നദിയില്‍ നിര്‍മ്മിച്ചിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് 125 വര്‍ഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സംഭവിക്കാവുന്ന പരാജയം കേരളത്തിലെ 35 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട്. പഴക്കം: 125 വര്‍ഷം
*53.6 മീറ്റര്‍ ഉയരവും 443 ദശലക്ഷം മെട്രിക് ടണ്‍ ജലം സംഭരിക്കാൻ കഴിയുന്നതും ഗുരുതാകര്ഷണമുള്ള(ഭാരാശ്രിത)തുമായ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന പെരിയാര്‍ നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.
* 1895-ല്‍ ജലസേചനം ലഭ്യമാക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ പണിതതാണ് ഈ അണക്കെട്ട്. 1959 മുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും ആരംഭിച്ചു.
* നിര്‍മ്മാണ ഘട്ടത്തില്‍ 50 വര്‍ഷത്തെ കാലാവധിയാണ് ഈ അണക്കെട്ടിന് നല്‍കണമെന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു നൂറ്റാണ്ടിനു മുകളില്‍ പഴക്കം ചെന്നിട്ടും ഇപ്പോഴും പ്രവർത്തിക്കുന്ന ഈ അണക്കെട്ട് നിരവധി നിര്‍ണ്ണായക ഘടനാപരമായ തകരാറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളതും അതിനാല്‍ തന്നെ പരാജയപ്പെടുവാൻ ഏറെ സാധ്യതയുളളതും അപകട സാധ്യത കൂടിയതുമാണ്.
* 2009-ല്‍ ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചുവെങ്കിലും തമിഴ്നാട് പ്രസ്തുത ആശയത്തെ എതിര്‍ത്തു. ഇന്നിപ്പോള്‍ ഈ പഴക്കം ചെന്ന അണക്കെട്ട് എങ്ങനെ പരിപാലിക്കാം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നു. അത് സംബന്ധിച്ച് ഒരു കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതുമാണ്. ഒരു അണക്കെട്ട് പരാജയപ്പെടുക അല്ലെങ്കില്‍ തകരുക എന്നത് ദുരന്തജനകമായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഏതാണ്ട് 35 ലക്ഷം ജനങ്ങളെ അത് ബാധിക്കും.
2019-ലെ അണക്കെട്ട് സുരക്ഷാബില്‍
*2019 ജൂലൈ-29-ന് ലോക്സഭയില്‍ അവതരിപ്പിച്ച അണക്കെട്ട് സുരക്ഷാബില്‍ 2019 ഓഗസ്റ്റ് 2-ന് സഭ പാസാക്കി.
*രാജ്യത്തുടനീളമുള്ള നിശ്ചിത അണക്കെട്ടുകള്‍ നിരീക്ഷിക്കുക, പരിശോധിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഒരു വ്യവസ്ഥാപിത സ്ഥാപനം ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ ബിൽ.
* ഈ ബില്ലില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ രാജ്യത്തെ 15 മീറ്ററിലധികം ഉയരമുള്ള, അല്ലെങ്കില്‍ 10 നും 15 നും മീറ്ററിനിടയിൽ ഉയരമുള്ള എല്ലാ അണക്കെട്ടുകള്‍ക്കും ബാധകമായിട്ടുള്ളതാണ്.
* മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെ ഒന്നിലധികം സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്ക വിഷയമായി മാറിയിട്ടുള്ള അണക്കെട്ടുകളുടെ പരിപാലനവും സുരക്ഷയും ഉറപ്പു വരുത്തുവാനും ഉദ്ദേശിച്ചുള്ളതാണ് ബിൽ. രാജ്യത്തെ ഏതാണ്ട് 92 ശതമാനം അണക്കെട്ടുകളും സംസ്ഥാനന്തര നദീതടങ്ങളില്‍ നിര്‍മ്മിച്ചവയാണ്.
ആഗോള വന്‍ കിട അണക്കെട്ടുകളുടെ നിര്‍മ്മാണവും പഴക്കവും
* ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വന്‍ കിട അണക്കെട്ടുകളുടെ നിര്‍മ്മാണം തുടങ്ങുന്നത്. 1960-കളിലും 70കളിലുമാണ് കൂടുതൽ സ്ഥലങ്ങളിൽ നിർമാണം ആരംഭിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍. അതേ സമയം 1980 കളില്‍ മാത്രമാണ് ആഫ്രിക്കയില്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ തുടങ്ങുന്നത്.
* അതിനു ശേഷം പുതുതായി നിര്‍മ്മിക്കുന്ന വന്‍ കിട അണക്കെട്ടുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.
*23841 അണക്കെട്ടുകളുള്ള ചൈനയാണ് അണക്കെട്ടുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം. രണ്ടാം സ്ഥാനം യു എസ് എ ക്കാണ്. ഈ രണ്ട് രാജ്യങ്ങളിലെയും അണക്കെട്ടുകളുടെ എണ്ണം എടുത്താൽ ലോകത്തെ വന്‍ കിട അണക്കെട്ടുകളുടെ 56 ശതമാനം വരും. പട്ടിക ഒന്നില്‍ ചേര്‍ത്തിരിക്കുന്ന ആദ്യത്തെ 5 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ അണക്കെട്ടുകളുടെ എണ്ണം എടുത്താൽ 93 ശതമാനം വരും.
* ജപ്പാനിലും യു കെ യിലും ഉള്ള വന്‍ കിട അണക്കെട്ടുകളുടെ ശരാശരി പഴക്കം നൂറിലധികം വര്‍ഷങ്ങളാണ്. അതായത് ഈ രാജ്യങ്ങളിലെ ഭൂരിഭാഗം അണക്കെട്ടുകളും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ചവയാണെന്ന് ചുരുക്കം.
- രാജ്യ ക്രമത്തില്‍ വന്‍കിട അണക്കെട്ടുകള്‍
രാജ്യം | വന്‍കിട അണക്കെട്ടുകളുടെ എണ്ണം | ശരാശരി ഉയരം (മീറ്ററില്‍) | ശരാശരി ജലസംഭരണ ശേഷി (10⁶ m³) | ശരാശരി പഴക്കം (വര്‍ഷങ്ങളില്‍) | ഉദ്ദേശിച്ച കാലാവധി (വര്‍ഷങ്ങളില്‍) |
---|---|---|---|---|---|
ചൈന | 23841 | 26 | 38 | 46 | 51 |
യുഎസ്എ | 9263 | 21 | 114 | 65 | 57 |
ഇന്ത്യ | 4407 | 24 | 80 | 42 | 41 |
ജപ്പാന് | 3130 | 33 | 08 | 111 | 65 |
ബ്രസീല്‍ | 1365 | 26 | 655 | 51 | 50 |
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിയും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയും ഇന്ത്യ വന്‍ തോതില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. വന്‍ കിട അണക്കെട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചൈനക്കും യു എസ് എ ക്കും പിറകില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇത് തീര്‍ച്ചയായും ഉല്‍കണ്ഠയുളവാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ വന്‍ കിട അണക്കെട്ടുകളില്‍ 75 ശതമാനത്തിലധികവും 25 വര്‍ഷത്തിനു മുകളില്‍ പഴക്കം ചെന്നതാണെന്നതിനാലും, 164 അണക്കെട്ടുകള്‍ നൂറു വര്‍ഷത്തിലധികം പഴക്കം ചെന്നതാണെന്നതിനാലും. മോശമായ രീതിയില്‍ പരിപാലിക്കപ്പെടുന്നതും സുരക്ഷിതമല്ലാത്തതുമായ ഒരു അണക്കെട്ട് മനുഷ്യ ജീവിതത്തിന് ഭീഷണിയാണ്. അതോടൊപ്പം തന്നെ പ്രകൃതി വിഭവങ്ങള്‍ക്കും പൊതു, സ്വകാര്യ മേഖലയിലെ വസ്തു വകകള്‍ക്കും പരിസ്ഥിതിക്കും തന്നെ ഭീഷണിയാണ് ഇതരത്തിലുളള അണക്കെട്ടുകൾ.
ഏഷ്യയിലെ പഴക്കം ചെന്ന അണക്കെട്ടുകള്‍
* ആഗോള തലത്തില്‍ ചൈന, ഇന്ത്യ, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ വന്‍ കിട അണക്കെട്ടുകളുള്ള രാജ്യങ്ങള്‍. ലോകത്തെ വന്‍ കിട അണക്കെട്ടുകളിലെ 40 ശതമാനവും ചൈനയിലാണുള്ളത്. അവയില്‍ തന്നെ മിക്കതും 50 വര്‍ഷം പഴക്കമുളളതുമാണ്.