റായ്‌പൂര്‍: രാജ്യത്തെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോൾ പരമ്പരാഗത ജീവിത രീതികളുമായി കൊവിഡിനെതിരെ പോരാടുകയാണ് ഛത്തീസ്‌ഗഢിലെ ഒരു ഗോത്രവിഭാഗം. സംസ്ഥാനത്തെ പിവിടിജി പട്ടികപ്പെടുത്തിയിട്ടുള്ള അബുജ്‌മരിയ ഗോത്രവിഭാഗത്തിനിടിയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കുടുംബത്തിലെ ഓരോ അംഗങ്ങളും പരസ്പരം സാമൂഹിക അകലം പാലിക്കുന്ന അവരുടെ പരമ്പരാഗത ജീവിതരീതിയാണ് ഇതിന് കാരണം.
കൊവിഡിന് മുമ്പേ സാമൂഹിക അകലം പാലിച്ച ഛത്തീസ്‌ഗഢിലെ ഗോത്രവിഭാഗം
കുടുംബത്തിലെ ഓരോ അംഗങ്ങളും പരസ്പരം സാമൂഹിക അകലം പാലിക്കുന്ന അവരുടെ പരമ്പരാഗത ജീവിതരീതിയാണ് അബുജ്‌മരിയ ഗോത്ര വിഭാഗത്തെ വ്യത്യസ്‌തമാക്കുന്നത്
അബുജ്‌മരിയ ഗോത്ര കുടുംബത്തിലെ ഓരോ അംഗത്തിനും സ്വന്തമായി വീട് ഉണ്ട്. ഭക്ഷണവും ഇവര്‍ പ്രത്യേകം പ്രത്യേകമാണ് പാകം ചെയ്യുന്നത്. പാരമ്പര്യമായി തുടരുന്ന ഈ ജീവിതരീതി എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കാൻ ഇവരെ സഹായിക്കുന്നു. ഈ സവിശേഷമായ പാരമ്പര്യമാണ് അബുജ്‌മരിയ ഗോത്രവർഗക്കാരെ കൊവിഡില്‍ നിന്ന് രക്ഷനേടാൻ സഹായിച്ചത്. രാജ്യത്തെ ഏറ്റവും ദുർബലരായ തദ്ദേശീയ സമൂഹങ്ങളിൽപെടുന്ന ഗോത്രവര്‍ഗ വിഭാഗമാണ് ഇവര്‍.
അതേസമയം ഇവര്‍ക്കിടയില്‍ വൈറസ് ബാധ ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും മുൻകരുതല്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികൾ എത്തുന്ന പ്രതിവാര വിപണികൾ റദ്ദാക്കി. ഗോത്രവർഗക്കാർക്കിടയിൽ ശുചിത്വത്തത്തെക്കുറിച്ചും ശുചിത്വ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ആശ വര്‍ക്കര്‍മാര്‍ പ്രവർത്തിക്കുന്നുണ്ട്. ഛത്തീസ്‌ഗഢിലെ 32 ശതമാനം ജനസംഖ്യയും തദ്ദേശീയ സമുദായങ്ങളും ഗോത്രവർഗക്കാരും ഉൾപ്പെടുന്നതാണ്. ഗോത്രവർഗ ആധിപത്യമുള്ള സംസ്ഥാനത്ത് വെള്ളിയാഴ്ച ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് 18,415 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.