ന്യൂയോര്‍ക്ക്: യുനൈറ്റഡ് സ്റ്റേറ്റുകളുടെ ചരിത്രത്തില്‍ മുമ്പ് ഒന്നും ഉണ്ടാവാത്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് ഇപ്പോഴത്തെ കൊവിഡ് 19 പ്രതിസന്ധി എന്ന് യുഎസിലെ പ്രമുഖ എൻആർഐയും തെലുങ്ക് ഡോക്ടറുമായ മധു കൊരപതി പറഞ്ഞു. ന്യൂയോർക്കിലെ സാധാരണ ജീവിതം തകർന്നുകൊണ്ടിരിക്കുകയാണെന്നും ആശയവിനിമയം ഒഴികെ മറ്റ് യുഎസ് നഗരങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും പൂർണമായും നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ജോലി ചെയ്യുന്ന ന്യൂയോർക്കിലെ 240 കിടക്കകളുള്ള ആശുപത്രിയിൽ നിന്നുമാണ് ഇടിവി ഭാരതുമായി ഫോണിൽ സംസാരിച്ചത്. വൈറസ് ബാധക്ക് പ്രായം ഒരു അടിസ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ അവസരങ്ങളിലും പ്രായമായവരുടെ ഇടയില്‍ അണുബാധക്കുള്ള സാധ്യത കൂടുതല്‍ ആകണമെന്നില്ലെന്ന്‍ അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ ആശുപത്രികളിലെ കിടക്കകള്‍ എല്ലാം കൊവിഡ് 19 രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ചിലർ മണിക്കൂറുകൾക്കുള്ളിൽ വൈറസ് ബാധിച്ച് മരിക്കുമ്പോള്‍, മറ്റ് ചിലര്‍ കൂടുതല്‍ സമയം വൈറസിനെതിരെ പൊരുതുന്നു. എത്ര മരണങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കാൻ കഴിയില്ല. ഒഴിഞ്ഞ കിടക്കകള്‍ക്കുവേണ്ടി ആളുകൾ മത്സരിക്കുകയാണ്. യുഎസിൽ വന്ന കാലം മുതൽ ഇത്രയും ഭീകരമായ ഒരു സാഹചര്യം താൻ കണ്ടിട്ടില്ലെന്നും ഡോ. മധു പറഞ്ഞു. ഇത്ര അധികം രോഗികള്‍ ആശുപത്രിയില്‍ എത്താന്‍ കാരണം വ്യാപകമായ രോഗ നിര്‍ണയ പരിശോധനകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.