ന്യൂഡൽഹി:എല്ലാ തരം വിമാനങ്ങളുടെയും ബുക്കിങ് നിര്‍ത്തിവച്ചതായി എയർ ഇന്ത്യ. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വിമാനക്കമ്പനിക്ക് നൽകിയ നിര്‍ദേശ പ്രകാരമാണ് തീരുമാനം. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്‍റെ തീരുമാനം വന്നതിന് ശേഷം ബുക്കിങ് ആരംഭിക്കാൻ ഹർദീപ് സിംഗ് പുരി നിര്‍ദേശിക്കുകയായിരുന്നു. ഒരു വിമാന കമ്പനിയും നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കരുത് എന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.
എയര്‍ ഇന്ത്യ ബുക്കിങ് നിര്‍ത്തിവച്ചു - air ticket bookings
ബുക്ക് ചെയ്തവരുടെ ടിക്കറ്റ് റദ്ദാക്കില്ല. ഭാവിയില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ക്രെഡിറ്റ് വൗച്ചര്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു
മെയ് 4 മുതൽ തെരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളുടെയും ജൂൺ 1 മുതൽ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളുടെയും ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയാണ് മന്ത്രി നിര്‍ദേശം നൽകിയത്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി നടപ്പാക്കിയ ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ എല്ലാ ബുക്കിങ്ങുകളും നിർത്തിവച്ചതായും, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാതെ ഭാവിയിൽ ഉപയോഗിക്കാവുന്ന തരത്തിൽ ക്രെഡിറ്റ് വൗച്ചർ നൽകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.