നാഗ്‌പൂർ: 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമില്‍ കേസുകൾ വെളിപ്പെടുത്താത്ത കേസില്‍ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്‌പൂർ കോടതിയില്‍ ഹാജരായി. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പി.എസ് ഇഗ്‌ലെക്ക് മുന്നില്‍ ഹാജരായ ഫഡ്‌നാവിസിനെ 15,000 രൂപയുടെ ആൾ ജാമ്യത്തില്‍ വിട്ടു. കോടതിക്ക് മുന്നില്‍ ഹാജരാകാൻ ഫഡ്നാവിസിന് നല്‍കിയ അവസാന ദിവസമായിരുന്നു ഇന്ന്. ഫഡ്നാവിസ് ഒളിവില്‍ പോകുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ടാണ് ജാമ്യം അനുവദിച്ചതെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് മറച്ചുവെച്ച കേസില്‍ ഫഡ്‌നാവിസിന് ജാമ്യം - സത്യവാങ്മൂല കേസ്
2014 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നാഗ്‌പൂർ കോടതിയിൽ ഹാജരായി.
2014 ൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഫഡ്നാവിസിനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് അഭിഭാഷകൻ സതീഷ് ഉകെ സമർപ്പിച്ച അപേക്ഷയാണ് കോടതി പരിഗണിച്ചത്. 2019 നവംബർ മുതൽ നാല് തവണ ഫഡ്നാവിസിന് ഹാജരാകുന്നതിൽ നിന്ന് ഇളവ് ലഭിച്ചിരുന്നു. കേസില്‍ മാർച്ച് 30ന് കോടതി കൂടുതൽ വാദം കേൾക്കും.
തനിക്കെതിരായ രണ്ട് കേസുകൾ പരസ്യമായി പ്രതിഷേധം നടത്തിയതിനാണ്. വ്യക്തിപരമായി തനിക്കെതിരെ പരാതികളില്ലെന്നും കേസുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. സത്യവാങ്മൂലത്തില്‍ രണ്ട് കേസുകൾ വെളിപ്പെടുത്താതിരുന്നതിന് പിന്നില്‍ തെറ്റായ ഉദ്ദേശമില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഫഡ്നാവിസ് പ്രതികരിച്ചു.