ന്യൂഡൽഹി: ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് മറുപടിയായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിക്കേണ്ടതില്ല. ആളുകൾക്ക് അടിസ്ഥാന വിവരങ്ങളും വാർത്തകളും അറിയുന്നതിനായി 2 ജി നെറ്റ്‌വർക്ക് സേവനം മതിയാവും. മറ്റ് സംസ്ഥാനങ്ങളെ പോലെ പ്രതികൂല ഫലങ്ങൾ പ്രതീക്ഷിക്കാതെ 4 ജി സേവനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര ഭരണ പ്രദേശത്ത് കഴിയില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കളയാൻ ജമ്മു കശ്‌മീർ ഭരണകൂടം ആവശ്യപ്പെട്ടു. ഇ-ലേണിങ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈൻ വീഡിയോ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും 2 ജി ഇന്‍റർനെറ്റ് സേവനം മതിയാകുമെന്ന് ജമ്മു കശ്‌മീർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതിവേഗ ഇന്‍റർനെറ്റ് സൗകര്യം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വലിയ ഡാറ്റ ഫയലുകൾ (ഓഡിയോ / വീഡിയോ ഫയലുകൾ) കൈമാറ്റം ചെയ്യാനും ഉപയോഗിക്കും. ഇത് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മറ്റും തീവ്രവാദ സംഘടനകൾ ഉപയോഗപ്പെടുത്താമെന്നും ജമ്മു കശ്‌മീർ ഭരണകൂടം വ്യക്തമാക്കി. കൊവിഡിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും വഴി 4 ജി സേവനം ദുരുപയോഗം ചെയ്യുകയുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.