ന്യൂഡൽഹി: മുത്തലാഖ് നിരോധന നിയമത്തിന് ശേഷം രാജ്യത്ത് മുത്തലാഖ് കേസുകളിൽ 82 ശതമാനം കുറവ് വന്നെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ഓഗസ്റ്റ് ഒന്ന് മുസ്ലിം വനിതാവകാശ ദിനമായി ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. 'ട്രിപ്പിൾ തലാഖ്:വലിയ പരിഷ്‌കരണം, മികച്ച ഫലം' എന്ന ആർട്ടിക്കിലാണ് മന്ത്രിയുടെ പരാമർശം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ആർട്ടിക്കിൾ പോസ്റ്റ് ചെയ്‌തത്.
മുത്തലാഖ് കേസുകള്‍ 82 ശതമാനം കുറഞ്ഞതായി മുക്താർ അബ്ബാസ് നഖ്‌വി - ഓഗസ്റ്റ് ഒന്ന് മുസ്ലിം വനിതാവകാശ ദിനം
ഓഗസ്റ്റ് ഒന്ന് മുസ്ലിം വനിതാവകാശ ദിനമായി ആചരിക്കുമെന്നും മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
മുത്തലാഖ് ഇസ്ലാമികമോ നിയമപരമോ അല്ലെന്നും എന്നാൽ സാമൂഹിക തിന്മയ്ക്ക് ഇപ്പോഴും 'രാഷ്ട്രീയ സംരക്ഷണം' നൽകുന്നുണ്ടെന്നും ആർട്ടിക്കിളിൽ നഖ്‌വി അഭിപ്രായപ്പെട്ടു. 2019 ഓഗസ്റ്റ് ഒന്ന് ഇന്ത്യൻ പാർലമെന്‍റിലെ ചരിത്രപരമായ ദിനമാണെന്നും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി തുടങ്ങിയ 'ചാമ്പ്യൻസ് ഓഫ് സെക്യുലറിസം' പാർട്ടികളെ മറികടന്നാണ് ബിൽ നിയമമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആ ദിവസം ഇന്ത്യൻ ജനാധിപത്യത്തിലും പാർലമെന്‍ററി ചരിത്രത്തിലും സുവർണ നിമിഷമായി തുടരുമെന്നും മന്ത്രി ലേഖനത്തിൽ പറഞ്ഞു.
ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിയുടെ സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയില്ലെന്ന് ഉൾപ്പെടെ കോൺഗ്രസിനെതിരെ വിമർശനവും നഖ്‌വി ഉന്നയിച്ചിട്ടുണ്ട്. ഈജിപ്‌ത് പാകിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, മലേഷ്യ തുടങ്ങിയ ലോകത്തിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ മുത്തലാഖ് നിയമവിരുദ്ധവും ഇസ്ലാമികമല്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ ഇന്ത്യ 70 വർഷത്തിന് ശേഷമാണ് മുത്തലാഖ് നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.