ന്യൂഡൽഹി: ഉപയോക്താക്കളുടെ ഡാറ്റ സമയബന്ധിതമായി ഇല്ലാതാക്കുന്നതിലും ഉപയോഗപ്രദമായ ഡാറ്റ മാത്രം ശേഖരിക്കുന്നതിലും ആരോഗ്യ സേതു ആപ്പിന് മികച്ച സ്‌കോറുകൾ നല്‍കി എംഐടി ടെക്നോളജി റിവ്യൂ. ലോക പ്രശസ്ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവിലാണ് ആരോഗ്യ സേതു ആപ്പിന് മികച്ച റേറ്റിങ് നല്‍കിയത്.
കൊവിഡ് 19 ആപ്പ് ട്രാക്കർ സൂചികയില്‍ അഞ്ചില്‍ രണ്ട് പോയിന്‍റുകൾ ആരോഗ്യ സേതു ആപ്പിന് നല്‍കി. അതേസമയം ഡാറ്റയുടെ സ്വമേധയാ ഉള്ള ഉപയോഗം, ഡാറ്റാ ഉപയോഗത്തിന്‍റെ പരിമിതികൾ, സുതാര്യത എന്നിവയിൽ മികച്ച സ്കോർ നേടാൻ ആരോഗ്യ സേതുവിനായില്ലെന്ന് എംഐടി ടെക്നോളജി റിവ്യൂവില്‍ പറഞ്ഞു.
100 ദശലക്ഷം ഉപയോക്താക്കളുള്ള ആരോഗ്യ സേതു ആപ്പിനെ മറ്റ് 25 രാജ്യങ്ങളിലെ കൊവിഡ് 19 ആപ്ലിക്കേഷനുകളുമായി താരതമ്യപ്പെടുത്തി. ഡാറ്റ കൈകാര്യം ചെയ്യൽ, സ്വകാര്യത, സുതാര്യത , ചലനാത്മകത എന്നിവയെ അടിസ്ഥാനമാക്കിയാണ് കോൺടാക്റ്റ്-ട്രെയ്‌സിങ് ആപ്ലിക്കേഷനുകൾ രൂപീകരിക്കുന്നത്. എംഐടി ടെക്‌നോളജി റിവ്യൂവിന്‍റെ ഡാറ്റാബേസ് കാണിക്കുന്നത് ഇന്ത്യയുടെ കോൺടാക്‌റ്റ് ട്രേസിങ് ആപ്ലിക്കേഷൻ മറ്റ് പലതിനേക്കാൾ സവിശേഷമാണെന്നാണ്.
കൊവിഡ് 19 കണ്ടെത്തിയ ഒരാളുമായി ആശയവിനിമയം നടത്തിയ ആളുകൾക്ക് അറിയിപ്പുകൾ നൽകുന്നതിന് ബ്ലൂടൂത്ത് അല്ലെങ്കിൽ ജിപിഎസ് ഉപയോഗിച്ചുള്ള പരിമിതമായ സേവനങ്ങളാണ് പല രാജ്യങ്ങളുടെയും ആപ്പുകൾ നല്‍കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആപ്ലിക്കേഷൻ മറ്റെല്ലാ രാജ്യങ്ങളും വികസിപ്പിച്ചിരിക്കുന്നതിനേക്കാൾ മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലിമെഡിസിൻ, ഇ-ഫാർമസി, ഡയഗ്നോസ്റ്റിക് സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും ആരോഗ്യ സേതു വാഗ്ദാനം ചെയ്യുന്നു. ഇത് എല്ലാ ഇന്ത്യൻ ടെലികോം കമ്പനികളും വൈറ്റ്‌ലിസ്റ്റ് ചെയ്‌തിരിക്കുന്നു, അതിനാൽ ഇത് ഉപയോഗിക്കുന്നത് മൊബൈൽ ഡാറ്റ പരിധിക്ക് വിരുദ്ധമല്ല.
ആപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ ഫ്രഞ്ച് ഹാക്കറിന് മെയ് ആറിന് ആരോഗ്യ സേതു ടീം തന്നെ മറുപടി നല്‍കിയിരുന്നു. ആപ്പ് പൂര്‍ണമായും സുരക്ഷിതമാണെന്ന് അവര്‍ പറയുകയും കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്‌തിരുന്നു.