ന്യൂഡൽഹി: കൊവിഡ് ഭേദമായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, ആം ആദ്‌മി എംഎൽഎ അതിഷി മർലീന എന്നിവർ പ്ലാസ്‌മ ദാനം ചെയ്യും.രോഗം ഭേദമായ ഉടൻ തന്നെ പ്ലാസ്‌മ ദാനം ചെയ്യാൻ തീരുമാനിച്ചതായി അതിഷി മർലീന ട്വിറ്ററിൽ കുറിച്ചു. പ്ലാസ്‌മ തെറാപ്പിയിലൂടെയാണ് താൻ രോഗമുക്തി നേടിയതെന്നും മെഡിക്കൽ മാനദണ്ഡങ്ങളനുസരിച്ച് പ്ലാസ്‌മ ദാനം ചെയ്യുമെന്നും സത്യേന്ദ്ര ജെയിൻ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗികൾക്കായുള്ള ആദ്യത്തെ പ്ലാസ്‌മ ബാങ്ക് ഡൽഹിയിൽ ആരംഭിച്ചു.
സത്യേന്ദ്ര ജെയിനും അതിഷി മർലീനയും പ്ലാസ്‌മ ദാനം ചെയ്യും - അരവിന്ദ് കെജ്‌രിവാൾ
കൊവിഡ് ചികിത്സക്ക് വിധേയമായി 14 ദിവസം കഴിഞ്ഞ ഏതൊരാളും പ്ലാസ്‌മ ദാനത്തിന് യോഗ്യരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കൊവിഡ് രോഗമുക്തി നേടിയവർ സ്വമേധയാ മുന്നോട്ട് വന്ന് പ്ലാസ്‌മ ദാനം നടത്തണമെന്ന് ഡൽഹി സർക്കാർ അഭ്യർഥിച്ചു. കൊവിഡ് ചികിത്സക്ക് വിധേയമായി 14 ദിവസം കഴിഞ്ഞ ഏതൊരാളും പ്ലാസ്‌മ ദാനത്തിന് യോഗ്യരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പ്ലാസ്‌മ ദാനം ചെയ്യുന്നവർ 18നും 60നും ഇടക്ക് പ്രായമുള്ളവരും, 50 കിലോയിൽ കൂടുതൽ ശരീരഭാരവും ഉണ്ടായിരിക്കണം. കൊവിഡ് വാക്‌സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ പ്ലാസ്‌മ ദാനം കൊവിഡ് രോഗികളുടെ ചികിത്സക്ക് വലിയ ആശ്വാസമാണ്. മറ്റ് പല സംസ്ഥാനങ്ങളും കൊവിഡ് ചികിത്സക്കായി പ്ലാസ്‌മ തെറാപ്പി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.