തീവ്രവാദി പരാമർശം; ബിജെപിക്കെതിരെ കേസ് എടുക്കണമെന്ന് ആംആദ്‌മി - തീവ്രവാദി
പെരുമാറ്റച്ചട്ടത്തിന്‍റെ നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അരവിന്ദ് കെജരിവാളിനെ തീവ്രവാദി എന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആം ആദ്‌മി പാർട്ടി. ഡൽഹി മുഖ്യമന്ത്രിയെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണിതെന്നും ഡല്‍ഹിയില്‍ സർക്കാരിനെതിരെ ഉന്നയിക്കാൻ ബിജെപിക്ക് വിഷയങ്ങളില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ സന്ദർശിച്ചതിന് ശേഷം ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പെരുമാറ്റച്ചട്ടത്തിന്‍റെ നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അരവിന്ദ് കെജരിവാളിനെ തീവ്രവാദി എന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടതായും സഞ്ജയ് സിംഗ് പറഞ്ഞു.
കെജരിവാൾ സ്വയം അരാജക വാദി എന്ന് വിശേഷിപ്പിച്ചതായും ഒരു അരാജക വാദിയും തീവ്രവാദിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. പർവേഷ് സാഹിബ് സിംഗ് വര്‍മ്മ ഡൽഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിച്ചതിനെതിരെ ബിജെപി നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജാവദേക്കറിന്‍റെ പരാമർശം. ഈ മാസം എട്ടിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പതിനൊന്നാം തീയതി പ്രഖ്യാപിക്കും.