ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ 14 വയസിന് താഴെയുള്ള കുട്ടികൾക്ക് 'ആരോഗ്യ സേതു ആപ്ലിക്കേഷൻ' നിർബന്ധമില്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. ഈ മാസം 25 മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കായി എഎഐ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളി(എസ്ഒപി) ലാണ് പുതിയ നിർദേശങ്ങളും നിബന്ധനകളും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, യാത്രാ സർവീസുകൾ ഉപയോഗിക്കുന്നവർ ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തെർമൽ സ്‌ക്രീനിംഗിന് വിധേയരാകണമെന്ന് നിർദേശമുണ്ട്. നഗരത്തിന്‍റെ ഒരു നിശ്ചിത സ്ഥാനത്ത് ആയിരിക്കും ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും എസ്‌ഒപിയിൽ പറയുന്നു.
ആഭ്യന്തര വിമാന സർവീസുകളിൽ കുട്ടികൾക്ക് 'ആരോഗ്യ സേതു ആപ്പ്' നിർബന്ധമില്ലെന്ന് എഎഐ
എഎഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളി(എസ്ഒപി) ലാണ് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമില്ലെന്ന് പറഞ്ഞിരിക്കുന്നത്. കൂടാതെ, യാത്രക്കാരും എയർപോർട്ട് അധികൃതരും പാലിക്കേണ്ട നിർദേശങ്ങളും എസ്ഒപിയിൽ വ്യക്തമാക്കുന്നുണ്ട്
ടെർമിനൽ കെട്ടിടത്തിലേക്ക് കടക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിമാനത്താവളത്തിലെ അധികൃതർ ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്ഒപിയിൽ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള നൂറിലധികം വിമാനത്താവളങ്ങളും എഎഐയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്വകാര്യ കമ്പനികളാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 25 മുതൽ നിബന്ധനകളോടെ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.