കേരളം

kerala

ETV Bharat / bharat

സുരക്ഷക്കും കൊവിഡ് ദുരന്തത്തിനും ഇടയിലെ ഒരു നേര്‍ത്ത രേഖ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നത് രാജ്യത്തിന് ആശ്വാസമാകുമോ പ്രതികൂലമാകുമോ എന്നാണ് ഈ ലേഖനം വിശദീകരിക്കുന്നത്.

By

Published : Apr 22, 2020, 1:40 PM IST

സുരക്ഷക്കും  കൊവിഡ് മഹാദുരന്തത്തിനും  നേര്‍ത്ത രേഖ  ലോക്ക് ഡൗൺ ഇളവ്  ഇന്ത്യ കൊറോണ  കൊവിഡ് 19  covid 19 india  corona  lock down relaxation  how india face  thin line between safety and Covid apocalypse
ലോക്ക് ഡൗൺ

വിവിധ മേഖലകള്‍ക്ക് ഏതാനും ഇളവുകള്‍ നല്‍കികൊണ്ട് രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിവച്ചു. എന്നാൽ നഗരങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കും ഗ്രാമങ്ങളിലെ വ്യവസായ മേഖലക്കും മറ്റ് പ്രത്യേക സാമ്പത്തിക മേഖലകളിലുള്ള പ്രവർത്തനങ്ങൾക്കും ഇളവ് നല്‍കിയതിൽ എതിര്‍പ്പുകള്‍ ഉയരുന്നുമുണ്ട്. തെലങ്കാന പോലുള്ള സംസ്ഥാനങ്ങളില്‍ ഐടി മേഖലയുടെ ഭൂരിഭാഗവും ഒരു പ്രത്യേക സ്ഥലത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നത് ജനം കൂട്ടം കൂടുന്നതിനും വലിയ തിക്കും തിരക്കിനും കാരണമാകുമെന്ന് തന്നെ പറയാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചൊന്നും ആര്‍ക്കും ചിന്തിക്കാന്‍ സമയമുണ്ടാവില്ല. അതോടെ ഇത്രയും ദിവസങ്ങളില്‍ നടത്തിയ നിയന്ത്രണങ്ങൾ പാഴായി പോകുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിൽ എല്ലാ തരത്തിലുമുള്ള കൃഷികളും കൂടാതെ, കാര്‍ഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിലും ഉള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിരുന്നു. റാബി പോലുള്ളവയുടെ വിളവെടുപ്പ് സമയം കൂടി ആയതിനാൽ കാര്‍ഷിക മേഖലക്ക് നൽകിയ ഇളവ് സ്വാഗതാര്‍ഹമാണ്. എങ്കിലും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ച് മാത്രമേ ഇവ അനുവദിക്കാവൂ. ഗ്രാമങ്ങളില്‍ തൊഴിലുറപ്പ് പദ്ധതികൾ പുനരാരംഭിക്കുകയാണെങ്കിൽ വരാൻ പോകുന്നത് വലിയൊരു ദുരന്തമായിരിക്കുമെന്നാണ് വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പ്രതിദിനം 35000 കോടി രൂപയാണ് രാജ്യം അടച്ചുപൂട്ടിയതോടെ നഷ്‌ടമായത്. ലോക്ക് ഡൗൺ 40 ദിവസമാകുമ്പോൾ 14 ലക്ഷം കോടി രൂപയുടെ നഷ്‌ടവും. കേന്ദ്രവും സംസ്ഥാനങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിൽ മുന്നോട്ട് പോകുമ്പോഴും നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് വളരെ വ്യക്തമായി നിരീക്ഷിച്ചിട്ട് വേണം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടത്. ഏതെങ്കിലും ഒരു മേഖലയിലോ വിഭാഗത്തിലോ ലോക്ക് ഡൗൺ പൂര്‍ണമായി ഒഴിവാക്കുന്നത് ഒരുപക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഒരു ദുരന്തത്തിലേക്ക് നയിച്ചേക്കാം. ആഗോളതലത്തിൽ വിനാശം വിതച്ച കൊവിഡിനെ എങ്ങനെയും പിടിച്ചു കെട്ടുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണിന് ആഹ്വാനം ചെയ്‌തത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ലോക്ക് ഡൗൺ നിലവിലുള്ളപ്പോള്‍ തന്നെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഒട്ടനവധി നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലവ്യഞ്ജന കടകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുവാന്‍ പൊതുവെ എല്ലാവരും മറന്നത് പോലെയാണ്. മഹാമാരിയിൽ നിന്ന് സുഖം പ്രാപിക്കുന്നു എന്ന തെറ്റായ വികാരത്തോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ രോഗവ്യാപനത്തെ ആര്‍ക്കും തടയാന്‍ സാധിക്കില്ല എന്നതായിരിക്കും അതിന്‍റെ ഫലം.

സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് പോയ ഹൈദരാബാദിലെ ഒരു സ്ത്രീ 19 പേര്‍ക്ക് അതുവഴി രോഗം പകര്‍ന്നു നല്‍കി. ഡല്‍ഹിയില്‍ പിസ്സ വീട്ടിലെത്തിക്കുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അയാളുമായി ഇടപഴകിയ 89 പേര്‍ക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. നിസാമുദീനിൽ സംഘടിപ്പിച്ച തബ്‌ലീഗ് സമ്മേളനം രോഗം രാജ്യവ്യാപകമായി പടർന്നു പിടിക്കുന്നതിൽ ഉത്പ്രേരകമായി പ്രവർത്തിച്ചു. മിക്കയാളുകൾക്കും കൊവിഡിനെതിരെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ആത്മഹത്യാപരമായി തോന്നുന്നു. ഈ പകര്‍ച്ചവ്യാധി അതിന്‍റെ മൂർധന്യത്തിലെത്തിയാല്‍ അത് നിയന്ത്രിക്കുക എന്നത് അസാധ്യമാണെന്ന് തെളിയിക്കുന്നതാണ് മഹാരാഷ്ട്രയുടെ ഇന്നത്തെ അവസ്ഥ. 1900 പേര്‍ ഐസൊലേഷനിലും 200 പേര്‍ ഐസിയുവിലും. രോഗം ബാധിച്ചവരെ ചികിത്സിക്കുവാന്‍ ആശുപത്രികളില്‍ മുറികൾ ശേഷിക്കുന്നില്ല. മുംബൈ ശരിക്കും പ്രതിസന്ധിയിലാണ്. പ്രമുഖ നഗരങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയുടെ ഗ്രാമങ്ങൾക്ക് എന്ത് ചെയ്യാന്‍ സാധിക്കും? നവംബറില്‍ കൊവിഡ് രണ്ടാം വരവ് നടത്തുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പ്രവചിക്കുമ്പോൾ രാഷ്‌ട്രം അതിന്‍റെ സമീപനങ്ങളിൽ ഒരു വിധത്തിലും അലസത കാട്ടരുത്. മാത്രമല്ല, സ്ഥിതിഗതികള്‍ പൂര്‍ണമായും കൈപ്പിടിയിലൊതുങ്ങുന്നത് വരെ സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും ഭക്ഷ്യധാന്യങ്ങളും പോലുള്ള അവശ്യവസ്തുക്കള്‍ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണം.

ABOUT THE AUTHOR

...view details