ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊവിഡ് വാക്‌സിനേഷൻ തുടങ്ങി. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിലൊരാൾ രാജ്യത്താദ്യമായി കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതോടെ രാജ്യം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. എയിംസിലാണ് വാക്‌സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും സന്നിഹിതനായിരുന്നു. എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയും തുടർന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി രാജ്യം; കൊവിഡ് വാക്‌സിനേഷൻ തുടങ്ങി
കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി അനുമതി ലഭിച്ചിരിക്കുന്നത്
താനിന്ന് വളരെ സന്തുഷ്‌ടനും സന്തോഷവാനുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി കൊവിഡിനെതിരെ രാജ്യം പോരാടുകയാണെന്നും പോരാട്ടത്തിന്‍റെ അവസാന ഘട്ടത്തിൽ കൊവിഡ് വാക്‌സിനുകൾ ഒരു സഞ്ജീവനിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാക്‌സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നും ഇത് രാജ്യത്തിന്‍റെ മികവിന് ഉദാഹരണമാണെന്നും കൊവിഡ് വാക്‌സിനേഷൻ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിലൂടെ ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയ സാഹചര്യത്തിൽ അത്യാവശ്യമായ മരുന്നും വൈദ്യസഹായവും നൽകിയ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നും മറ്റ് രാജ്യങ്ങളിലെ ആളുകളെ രക്ഷിക്കാൻ ഇന്ത്യ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും മുന്നണി പ്രവർത്തകർക്കുമാണ് വാക്‌സിൻ നൽകുന്നത്.