കൊവിഡിന്‍റെ മറവിൽ ഇന്ത്യയിൽ വൻതോതിൽ സ്വർണ കള്ളക്കടത്ത് നടന്നിരുന്നു. രാജ്യത്ത് സ്വര്‍ണത്തിന്‍റെ വില കുതിച്ചുയരുന്നതാണ് ഏത് വിധേനയും സ്വര്‍ണ കള്ളക്കടത്ത് നടത്താൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് നടത്തിയ കള്ളക്കടത്തിന്‍റെ നാൾ വഴികളിലൂടെ...
സ്വര്‍ണ വല: മഹാമാരിയുടെ കാലത്തെ സ്വര്‍ണ കള്ളക്കടത്ത്
By
Published : Oct 19, 2020, 3:18 PM IST
|
Updated : Oct 19, 2020, 3:54 PM IST
ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ഉപഭോക്താവ്
* സാമ്പത്തിക സുരക്ഷ ഇറപ്പാക്കും എന്ന വിശ്വാസത്താല്‍ പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നവരാണ് ഇന്ത്യക്കാർ. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയില്‍ സ്വർണത്തിന്‍റെ കള്ളക്കടത്തും റെക്കോഡ് തലത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
*2012നും 2017നും ഇടയില്‍ പ്രതിവര്‍ഷം ശരാശരി 800 ടണ്‍ സ്വര്‍ണം ഔദ്യോഗികമായി ഇറക്കുമതി ചെയ്ത രാജ്യമാണ് ഇന്ത്യ. ഏതാണ്ട് 30 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിന്‍റെ മൂല്യം.
*കൊവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പാടുപെടുമ്പോഴും സമാന്തരമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കള്ളക്കടത്ത് നടത്തുന്നത് ഇന്ത്യയില്‍ തുടരുകയാണ്.
* കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മാര്‍ച്ച് 25 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കുകയും രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ വരെയാണ് ഇത് തുടർന്നത്. തുടർന്ന് മെയ് ആദ്യ വാരം മുതല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് വേണ്ടി ഇന്ത്യയുടെ സിവില്‍ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു. മധ്യ പൂര്‍വ്വേഷ്യയില്‍ നിന്നും ഇങ്ങനെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടു വരാന്‍ വേണ്ടി നടത്തിയ വിമാന സര്‍വ്വീസുകള്‍ അന്താരാഷ്ട്ര കള്ളക്കടത്ത് റാക്കറ്റുകളെ സജീവമാക്കിയതായും അത്തരം നിരവധി സംഭവങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു.
* 2020 ജൂലൈ മാസത്തിൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിന് വന്ന ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിൽ കസ്റ്റംസ് അധികൃതരും എന്‍ഐഎയും ചേര്‍ന്ന് 30.2 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും ഇതിന്‍റെ ഭാഗമായി 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വന്ദേഭാരത് മിഷന്‍: വീടുകളിൽ തിരിച്ചെത്തിയത്
16.4ലക്ഷം ഇന്ത്യക്കാര്‍
*ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ഉടന്‍ തന്നെ 2020 മെയ് ഏഴിന് കൊവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് നാട്ടിൽ എത്തിക്കാൻ സർക്കാർ വന്ദേഭാരത് മിഷന്‍ ആരംഭിച്ചു.
* വന്ദേഭാരത് മിഷന്‍റെ ഭാഗമായി 16.45 ലക്ഷം ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിച്ചതായി 2020 ഒക്‌ടോബര്‍ ഒന്നിന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
* വന്ദേഭാരത് മിഷന്‍റെ ആറാം ഘട്ടത്തിൽ 1.75 ലക്ഷം പേരെയാണ് നാട്ടിൽ എത്തിച്ചതെന്നും സെപ്റ്റംബര്‍ 30 ആയപ്പോഴേക്കും 16.4 ലക്ഷം ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിൽ എത്തിച്ചതായും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
*സെപ്റ്റംബര്‍ 30തോടെ 3407 വിമാന സര്‍വ്വീസുകളാണ് രാജ്യത്ത് നടത്തിയതെന്നും ഒക്‌ടോബറില്‍ ഏഴാം ഘട്ടത്തിന്‍റെ ഭാഗമായി 1317 വിമാന സര്‍വ്വീസുകളാണ് ഷെഡ്യൂള്‍ ചെയ്തതെന്നും മന്ത്രാലയെ അറിയിച്ചു.
പാര്‍ലമെന്‍റിൽ നൽകിയ വിവരങ്ങള്‍
*2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 196 കേസുകളിലായി 49.5 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം രാജ്യത്ത് നിന്ന് പിടിച്ചെടുത്തു. ഈ കാലയളവിൽ 130 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിൽ 200 പേരെ അറസ്റ്റ് ചെയ്തതായി ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്‌സഭയില്‍ അറിയിച്ചു.
* മുംബൈ, ഡല്‍ഹി, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ അന്താരാഷ്ട്ര വിമാന താവളങ്ങളിലാണ് കഴിഞ്ഞ മൂന്ന് ധനകാര്യ വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്. 2019-20 കാലഘട്ടത്തില്‍ അതിനു തൊട്ടു മുന്‍പുള്ള വര്‍ഷത്തേക്കാള്‍ സ്വര്‍ണ കള്ളക്കടത്തിൽ കുറവുണ്ടായതായും 2020 സെപ്റ്റംബര്‍ 15-ന് രാജ്യസഭയില്‍ ധന മന്ത്രാലയം പറഞ്ഞു.
*സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 2019-20 കാലഘട്ടത്തില്‍ ആകെ പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ അളവ് 2668 കിലോഗ്രാം ആയിരുന്നു. 2018-19 കാലയളവില്‍ പിടിച്ചെടുക്കപ്പെട്ട 2946 കിലോഗ്രാമിനേക്കാള്‍ ഒമ്പത് ശതമാനം കുറവായിരുന്നു ഇത്. 2017-18 കാലയളവില്‍ 2236 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.
വിമാന താവളങ്ങളിലും തുറമുഖങ്ങളിലും
പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ കണക്ക്
വര്‍ഷം
അളവ് (കിലോഗ്രാം)
2019-20
2668
2018-19
2946
2017-18
2236
** രാജ്യസഭയില്‍ ലഭ്യമാക്കിയ വിവരപ്രകാരം
മഹാമാരിയുടെ കാലത്തെ സ്വര്‍ണ കള്ളക്കടത്ത്
വന്ദേഭാരത് മിഷനിലൂടെ കടത്തിയ സ്വര്‍ണത്തിന്‍റെ നാള്‍ വഴി
തീയതി
പുറപ്പെട്ട സ്ഥലം
എത്തിയ സ്ഥലം
സ്വര്‍ണത്തിന്‍റെ അളവ്
സ്വര്‍ണത്തിന്‍റെ മൂല്യം
അറസ്റ്റിലായ പ്രതികൾ
ഒളിപ്പിച്ച രീതി
ജൂലൈ 5
സൗദി
അറേബ്യ
ജയ്പൂര്‍ വിമാനതാവളം, രാജസ്ഥാന്‍
31.998 കിലോഗ്രാം
16.67 കോടി രൂപ
14
എമര്‍ജന്‍സി ലൈറ്റുകളുടെ ബാറ്ററി ഇടുന്ന അറയില്‍
ജൂലൈ 6
ദുബായ്
കരിപ്പൂര്‍ വിമാനതാവളം കേരളം
545 ഗ്രാം + 582 ഗ്രാം
50 ലക്ഷം രൂപ
2
അടിവസ്ത്രങ്ങള്‍ക്കുള്ളിലും സൈക്കിള്‍ പെഡലിനകത്തും
ജൂലൈ 17
ദുബായ്
ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാന താവളം, അമൃത്‌സര്‍ പഞ്ചാബ്
10.22 കിലോഗ്രാം
5 കോടി രൂപ
6
വീട്ടുപകരണങ്ങള്‍ക്കുള്ളില്‍
ജൂലൈ 21
സൗദി
അറേബ്യ
ജയ്പൂര്‍ വിമാനതാവളം രാജസ്ഥാന്‍
220.19 ഗ്രാം
11.09 ലക്ഷം രൂപ
1
ക്ലോക്കിന്‍റെ അറയില്‍
ജൂലൈ 22
ദുബായ്
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം ഹൈദരാബാദ്
74 ഗ്രാം
---
1
റിസ്റ്റ് വാച്ച്
ജൂലൈ 31
സൗദി അറേബ്ബ്യ
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം ഹൈദരാബാദ്
3.11 കിലോഗ്രാം
1.66 കോടി രൂപ
11
പാന്‍റിന്‍റെ ഉള്‍പോക്കറ്റുകളില്‍
ഓഗസ്റ്റ് 8
ദുബായ്
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
2 കിലോഗ്രാം
---
5
ഓഗസ്റ്റ് 9
അബുദാബി
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
402 ഗ്രാം
---
1
അടിവസ്ത്രത്തിൽ
ഓഗസ്റ്റ് 13
യുഎഇ
കൊച്ചി
2046.44 ഗ്രാം
1.05 കോടി രൂപ
---
---
ഓഗസ്റ്റ് 24
സൗദി അറേബ്ബ്യ
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
696 ഗ്രാം
36.8 ലക്ഷം രൂപ
3
ഓരോരുത്തരുടേയും പോക്കറ്റില്‍ രണ്ട് സ്വര്‍ണക്കട്ടി വീതം
ഓഗസ്റ്റ് 28
ഷാര്‍ജ
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
1.16 കിലോഗ്രാം
64 ലക്ഷം രൂപ
2
കറുത്ത ചായം പൂശിയ ഗോളാകൃതിയിലുള്ള ലോഹ കഷ്ണത്തിന്‍റെ രൂപത്തിൽ
ഒക്‌ടോബര്‍ 3
ദുബായ്
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
133 ഗ്രാം
133 ഗ്രാം
1
മലാശയത്തില്‍ രണ്ട് പാക്കറ്റുകളിലായി സ്വര്‍ണ പേസ്റ്റ് രൂപത്തിൽ
ഒക്‌ടോബര്‍ 5
ദുബായ്
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
653 ഗ്രാം
34.2 ലക്ഷം രൂപ
1
മലാശയത്തില്‍ സ്വര്‍ണ അട്ടികളായി ഒളിപ്പിച്ചു വെച്ച്
ഒക്‌ടോബര്‍ 10
ദുബായ്
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
2.88 കിലോഗ്രാം
1.32 കോടി രൂപ
3
2.7 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ പേസ്റ്റ് 12 ബണ്ടുകളിലാക്കിയും 116 ഗ്രാം സ്വര്‍ണം പാന്‍റിന്‍റെ പോക്കറ്റിലും ഒളിപ്പിച്ച്
ഒക്‌ടോബര്‍ 14
ദുബായ്
ചെന്നൈ അന്താരാഷ്ട്ര വിമാന താവളം
764 ഗ്രാം
40 ലക്ഷം രൂപ
2
മലാശയത്തിൽ സ്വര്‍ണം പേസ്റ്റാക്കി ഒളിപ്പിച്ച്
റോഡ് വഴിയുള്ള കള്ളക്കടത്ത്: സെപ്റ്റംബര്‍ വരെ
2112കേസുകളിലായി പിടിച്ചെടുത്തത്
1600കിലോഗ്രാം സ്വര്‍ണം
*ഇന്ത്യയില്‍ സ്വര്‍ണ വില 30 ശതമാനത്തിന് മുകളിൽ വര്‍ദ്ധിച്ചത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കള്ളക്കടത്ത് വര്‍ദ്ധിക്കാൻ കാരണമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികള്‍ 1600 കിലോഗ്രാമിന് മുകളില്‍ സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു.
*സ്വര്‍ണത്തിന്‍റെ വില ഉയരുന്തോറും ഇടനിലക്കാർക്കും സ്വര്‍ണം കടത്തുന്നവര്‍ക്കും നല്‍കുന്ന പ്രതിഫലം വര്‍ദ്ധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നും കടത്തിയതായി കണ്ടെത്തിയ സ്വര്‍ണ ഭൂരിഭാഗവും ആത്യന്തികമായി ദുബായ് അല്ലെങ്കില്‍ തായ് ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. നിലവില്‍ ഇന്ത്യയില്‍ ഒരു കിലോഗ്രാം സ്വര്‍ണത്തിന് 50 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
*2020 ഒക്‌ടോബര്‍ രണ്ടിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയില്‍ നിന്ന് ട്രക്കില്‍ ഒളിപ്പിച്ച നിലയിൽ 3.3 കിലോഗ്രാം സ്വര്‍ണം (17.51 കോടി രൂപ മതിപ്പുള്ളത്) പിടിച്ചെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സ്വര്‍ണം മണിപ്പൂര്‍ വഴി മ്യാന്മാറില്‍ നിന്നും കടത്തി കൊണ്ടു വന്നതായിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറിലേക്കായിരുന്നു കൊണ്ടു പോകാന്‍ ഉദ്ദേശിച്ചിരുന്നത്.
* ഈ വര്‍ഷം ഓഗസ്റ്റ് വരെ വിവിധ ഏജന്‍സികള്‍ 2112 സ്വര്‍ണക്കടത്തുകള്‍ പിടി കൂടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ 484 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തുവെങ്കില്‍ മാര്‍ച്ചില്‍ അത് 205.81 കിലോഗ്രാമും ഏപ്രിലില്‍ 280.66 കിലോഗ്രാമും ആയിരുന്നു.
*ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ മൂലം മെയ് മാസത്തില്‍ സ്വർണം പിടികൂടാൻ സാധിച്ചിരുന്നില്ല. ജൂണില്‍ 37.54 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
*റോഡ് മാര്‍ഗ്ഗമാണ് ഇന്ന് കൂടുതല്‍ സജീവമായി സ്വർണ കടത്ത് നടക്കുന്നത്. ഇന്ത്യ-മ്യാന്മാര്‍, ഇന്ത്യ-നേപ്പാള്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്ത് ഉയര്‍ന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മ്യാന്മാര്‍ അതിര്‍ത്തിക്കടുത്തുള്ള ഇംഫാല്‍-മോറെ റോഡിലും, ന്യൂ ജയ്പാല്‍ ഗുരി റെയില്‍വെ സ്‌റ്റേഷനിലുമായി യഥാക്രമം 10.30 കിലോഗ്രാം, 26.56 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇരു കേസുകളിലും സ്വര്‍ണം മ്യാന്മാറില്‍ നിന്നും കടത്തി കൊണ്ടു വന്നതാണെന്ന് സംശയിക്കുന്നതായി ഏജന്‍സികള്‍ പറയുന്നു.
ലാഭകരമായ കള്ളക്കടത്തും തൊഴിലില്ലായ്മയും
*പ്രതിവര്‍ഷം 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. 200-250 ടണ്‍ സ്വര്‍ണം കള്ളക്കടത്തായും എത്തുന്നുണ്ട്. ഇത്തരത്തിൽ നിയമ വിരുദ്ധമായി എത്തുന്ന സ്വര്‍ണം നിയമ വിധേയമായ വ്യാപാര മേഖലകളില്‍ എത്തുന്നു. ഈ മാഫിയകള്‍ക്ക് ആഗോള ശൃംഖല തന്നെയുണ്ട്.
*ഓരോ സ്വർണക്കടത്തിനും ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് ഏതാണ്ട് ഒരു ലക്ഷം രൂപ പ്രതിഫലമാണ് ലഭിക്കുക. അതിന് പുറമെ താമസവും പരിശീലനവും ലഭിക്കും. ലോകത്ത് ഇന്ന് വിപണനം ചെയ്തു വരുന്ന സ്വര്‍ണത്തിന്‍റെ 20 ശതമാനവും അനധികൃതമായി ഖനനം ചെയ്യുന്നവയാണ്. പ്രധാനമായും ആഫ്രിക്കയില്‍ നിന്നാണ് സ്വർണം ഖനനം ചെയ്യുന്നത്.
*കള്ളക്കടത്ത് സ്വര്‍ണം ഇന്ത്യയില്‍ എത്തിയ ശേഷം വളരെ എളുപ്പത്തില്‍ തന്നെ നിയമപരമായി പ്രവര്‍ത്തിക്കുന്ന വിപണികളിലേക്ക് ലയിച്ചു ചേരുന്നു. പിന്നീട് അവ ആഭരണങ്ങളായി മാറി വീണ്ടും കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ എത്തുന്ന ഓരോ 5 കിലോഗ്രാം സ്വര്‍ണത്തിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം സ്വർണം ആഭരണങ്ങളായി വീണ്ടും പുറത്തേക്ക് പോകുന്നു.
*ഇംപാക്ട് എന്ന എന്‍ജിഒ ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്ത് കേന്ദ്രമാണ് ഇന്ത്യയെന്ന് പറയുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം ടാന്‍സാനിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലെ ഇന്ത്യക്കാരായ സ്വര്‍ണ വ്യാപാരികളിലൂടെ നേരിട്ടാണ് സ്വര്‍ണം ഇന്ത്യയിൽ എത്തിക്കുന്നതെന്ന് പറയുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ വ്യാപാരികളാണ് ദുബായിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്യുന്നത്.
കൊവിഡ് മഹാമാരി കാലത്ത്, പ്രത്യേകിച്ച് ചാര്‍ട്ടേഡ് വിമാനങ്ങളില്‍, കര്‍ശനമായ പരിശോധനകള്‍ നടക്കാത്തതിനാല്‍ കള്ളക്കടത്ത് സജീവമായിട്ടുണ്ടെന്ന് കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈത്തപ്പഴം, ബ്രാ സ്ട്രാപ്പുകള്‍, ബെല്‍ട്ടിന്‍റെ ബക്കിളുകള്‍, ഷൂസിന്‍റെ സോളുകള്‍, സോസേജുകള്‍ എന്നിവക്കുള്ളിൽ ഒളിപ്പിച്ചും സ്വര്‍ണം പശയാക്കിയും ഒക്കെയാണ് പ്രാദേശികമായ കള്ളക്കടത്ത് രീതികള്‍. മലാശയത്തില്‍ സ്വര്‍ണം നിറച്ചും കള്ളക്കടത്ത് നടത്തുന്നവരുണ്ട്. രാജ്യത്ത് സ്വര്‍ണത്തിന്‍റെ വില കുതിച്ചുയരുന്നതാണ് ഏത് വിധേനയും സ്വര്‍ണ കള്ളക്കടത്ത് നടത്താൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്.