ന്യൂ ഡല്‍ഹി: ലഡാക്കില്‍ തുടര്‍ന്നു വരുന്ന ഇന്ത്യ-ചൈന സംഘര്‍ഷം വിവിധ ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ സമാധാനപരമായി പരിഹരിക്കുമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും സൈനിക-നയതന്ത്ര ഇടപെടലുകള്‍ തുടര്‍ന്ന് കൊണ്ട് അതിര്‍ത്തി മേഖലയില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കുന്നതിനായി തുടര്‍ന്നും ശ്രമിക്കുമെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. ഇന്ത്യ-ചൈന നിയന്ത്രണ രേഖ കടന്നുപോകുന്ന പാന്‍ഗോങ് ട്‌സോ തടാകത്തിന് സമീപം മെയ് അഞ്ചിന് ഇരുരാജ്യങ്ങളുടെയും സൈന്യം തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് തുടര്‍ന്നുള്ള സംഘര്‍ഷത്തിന് കാരണം.
ഇന്ത്യാ-ചൈന സംഘര്‍ഷങ്ങള്‍: ഒരു ഹ്രസ്വ ചരിത്രം
* 1962 ഒക്‌ടോബര്‍ 20ന് ഇന്ത്യക്ക് നേരെ ചൈന നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് പിന്നീട് ഇന്ത്യ-ചൈന യുദ്ധത്തില്‍ കലാശിച്ചത്. ഒരു മാസം നീണ്ടു നിന്ന യുദ്ധത്തില്‍ നിരവധി സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു. ചൈനയുടെ ഭാഗത്ത് നിന്നും ഒരു ആക്രമണം പ്രതീക്ഷിക്കാതിരുന്നതിനാല്‍ ഇന്ത്യക്ക് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ല. 80,000 വരുന്ന ചൈനീസ് പട്ടാളക്കാരെ നേരിടാന്‍ 20,000 ഇന്ത്യന്‍ പട്ടാളക്കാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നവംബര്‍ 21ന് ചൈന വെടി നിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതോടെ യുദ്ധം അവസാനിച്ചു.
* 1967 ല്‍ സിക്കിമില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യം ചൈനക്ക് കനത്ത തിരിച്ചടി നല്‍കി. സംഘര്‍ഷത്തില്‍ ചൈനയുടെ മുന്നൂറോളം പട്ടാളക്കാര്‍ മരിച്ചതായാണ് കണക്ക്. സിക്കിമിലെ കിങ്‌ഡോം മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമാണ് അന്ന് ചൈനയെ പ്രകോപിതരാക്കിയത്. ഇന്ത്യയുടെ ഭൂപ്രദേശം വിട്ടുകൊടുക്കാതിരിക്കുകയായിരുന്നു ചൈനയുടെ തന്ത്രം.
* 1987- അരുണാചല്‍ പ്രദേശിലെ സംഡൊറോണ്‍ ചുവില്‍ ഇന്ത്യന്‍ സേനയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ നടന്ന സംഘര്‍ഷം യുദ്ധത്തിന്‍റെ വക്കിലെത്തിയതാണ്. നയതന്ത്ര ചര്‍ച്ചയിലൂടെ അത് പരിഹരിച്ചു. ആ സംഭവത്തിന്‍റെ പ്രഭാവം 1988-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന വിധം അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിലേക്ക് നയിച്ചു.
* 2013 ല്‍- ദൗലത്ത് ബെഗ് ഓള്‍ഡ് സെക്ടറില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ 10 കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി ചൈനീസ് സൈന്യം ക്യാമ്പ് സ്ഥാപിച്ചിരുന്നതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഈ കണക്ക് പിന്നീട് 19 കിലോമീറ്റര്‍ എന്ന അവകാശ വാദമായി പിന്നീട് പുതുക്കപ്പെട്ടു. ചൈനീസ് സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് ചൈനീസ് സൈനിക ഹെലികോപ്‌ടറുകള്‍ കടന്നു കയറിയതായി ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചൈന പിന്നീട് എതിര്‍ത്തു. തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്ത് ഇരുരാജ്യങ്ങളിലേയും സൈനികര്‍ കുറച്ച് കാലത്തേക്ക് നിലയുറപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മെയ് ആദ്യത്തോടെ ഇരുവിഭാഗവും തങ്ങളുടെ സൈനികരെ പിന്‍വലിച്ചതോടെ സംഘര്‍ഷം ഇല്ലാതായി.
* 2014 സെപ്റ്റംബറില്‍ ഇന്ത്യയും ചൈനയും തമ്മില്‍ എല്‍എസിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. അതിര്‍ത്തി ഗ്രാമമായ ദംചോക്കില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കനാല്‍ നിര്‍മാണത്തെ സൈന്യത്തിന്റെ പിന്തുണയോടെ ചൈനീസ് പൗരന്മാര്‍ പ്രതിഷേധിച്ചു. ഇരു ഭാഗങ്ങളും സേനകളെ പിന്‍വലിക്കാമെന്ന് സമ്മതിച്ചതോട് കൂടി മൂന്നാഴ്ചക്ക് ശേഷം ആ സംഘര്‍ഷവും ഇല്ലാതായി. ഇന്ത്യയുടേതെന്ന് അവകാശപ്പെട്ട മേഖലയിലേക്ക് മൂന്ന് കിലോമീറ്റര്‍ കടന്നു കയറി കൊണ്ട് ചൈനയുടെ സൈന്യം ഒരു താവളം സൃഷ്ടിച്ചു എന്ന് അന്ന് ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
* വടക്കന്‍ ലഡാക്കിലെ ബര്‍ട്ട്‌സെ മേഖലയില്‍ ഇരുരാജ്യങ്ങളുടേയും പരസ്പരം സമ്മതത്തോടെ തയ്യാറാക്കിയ റോന്ത് ചുറ്റല്‍ രേഖക്ക് സമീപം ചൈനക്കാര്‍ പണിത വാച്ച് ടവര്‍ ഇന്ത്യന്‍ സൈന്യം അഴിച്ചു മാറ്റിയതോടെയാണ് 2015 സെപ്റ്റംബറില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം ഉടലെടുക്കുന്നത്.
* 2017-ലെ ഡോക് ലാം സൈനിക സംഘര്‍ഷം
ജൂണില്‍ ഡോക് ലാം മലമ്പാതക്കരികിലെ തര്‍ക്ക വിഷയമായ ഡോക് ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സംഘര്‍ഷം ഉടലെടുത്തു. 2017- ജൂണ്‍-16ന് ഡോക് ലാം മേഖലയില്‍ റോഡ് നിര്‍മാണ ഉപകരണം എത്തിച്ചു കൊണ്ട് ചൈനക്കാര്‍ ഡോക് ലാമില്‍ ഒരു റോഡ് നിര്‍മിക്കുവാന്‍ തുടങ്ങി. നേരത്തെ ഇന്ത്യന്‍ സൈന്യം താവളമുറപ്പിച്ചിരുന്ന ഡോക് ലായുടെ സമീപത്ത് എത്തി തീരുന്ന വിധത്തില്‍ ഒരു താല്‍ക്കാലിക റോഡ് ചൈന നിര്‍മിച്ചിരുന്നു. ഈ പോയിന്റില്‍ നിന്നും ജംഫേരി മലയിടുക്കിലെ റോയല്‍ ഭൂട്ടാനീസ് ആര്‍മി (ആര്‍ബ എ) താവളം വരെ ചൈനക്കാര്‍ അന്ന് നടന്ന് റോന്തു ചുറ്റുമായിരുന്നു. ഇന്ത്യയും ഭൂട്ടാനും തര്‍ക്ക പ്രദേശം എന്ന് അവകാശപ്പെട്ടിരുന്ന ഡോക്കാലായില്‍ ഒരു റോഡ് നിര്‍മിക്കുവാന്‍ ചൈന ആരംഭിച്ചതോടെയാണ് ജൂണ്‍-16 ന് ശേഷമുണ്ടായ തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തത്. ഇത് ജൂണ്‍-18ന് ചൈനയുടെ റോഡ് നിര്‍മാണത്തില്‍ ഇന്ത്യ ഇടപെടുന്നതിലേക്ക് നയിച്ചു.