ചെന്നൈ: വൈഗൈ നദി സംസ്‌കാര പര്യവേഷണത്തിന്‍റെ ഭാഗമായി നടത്തിയ ആറാം ഘട്ട ഖനനത്തിൽ ശിവഗംഗ ജില്ലയിൽ നിന്നും തമിഴ് നാട് പുരാവസ്‌തു വകുപ്പ് 931 പുരാതന വസ്‌തുക്കൾ കണ്ടെടുത്തു. കീഴാടി, അഗാരം, കൊണ്ടകൈ, മണലൂർ എന്നിങ്ങനെ നാല് ഖനന കേന്ദ്രങ്ങളിൽ നിന്നുമാണ് പുരാതന ശേഖരങ്ങൾ കണ്ടെത്തിയത്. കളിമൺ ചൂള, കന്നുകാലികളുടെ അസ്ഥികൾ, അസ്ഥികൂടങ്ങൾ, കുടങ്ങൾ, കത്തികൾ, സ്വർണനാണയം, പാത്രങ്ങൾ, ചൈനീസ് മൺപാത്രങ്ങൾ, പുകവലിക്കാൻ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ എന്നിവയാണ് ഇവിടെ നിന്നും ലഭിച്ചത്.
തമിഴ് നാട്ടിൽ ആറാം ഘട്ട ഖനനത്തിൽ 931 പുരാതന വസ്‌തുക്കൾ കണ്ടെടുത്തു - ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ശിവഗംഗയിൽ നിന്നും കളിമൺ ചൂള, കന്നുകാലികളുടെ അസ്ഥികൾ, അസ്ഥികൂടങ്ങൾ, കുടങ്ങൾ, കത്തികൾ, സ്വർണനാണയം, പാത്രങ്ങൾ, ചൈനീസ് മൺപാത്രങ്ങൾ, പുകവലിക്കാൻ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ എന്നിവ ആറാം ഘട്ട ഖനനത്തിൽ ലഭിച്ചു.
ഫെബ്രുവരി 19 മുതൽ ആരംഭിച്ച ആറാം ഘട്ട ഖനനം കൊവിഡ് പശ്ചാത്തലത്തിലും തുടർച്ചയായ മഴയിലും മാർച്ച് 24 മുതൽ മെയ് 19 വരെ 57 ദിവസത്തേക്ക് നിർത്തിവച്ചിരുന്നു. ഖനനത്തിന്‍റെ നാലാം ഘട്ടം മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യിൽ നിന്നും പുരാവസ്തുക്കളുടെ ഖനനം തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തത് കഴിഞ്ഞ വർഷമായിരുന്നു. ഈറോട്, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലെ വ്യവസായിക മേഖലകളിലും ദ്രാവിഡ സംസ്കൃതിയുടെ ചരിത്രത്തെ പുനഃപരിശോധിക്കുന്ന തെളിവുകൾ ശേഖരിക്കാനായി ഖനനം നടത്തുന്നുണ്ട്.