മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് പൊള്ളലേറ്റു - വാക്കു തർക്കം തീപൊള്ളലിൽ കലാശിച്ചു
ഗുണ ജില്ലയിലെ മൻഷഖേദി ഗ്രാമത്തിലാണ് സംഭവം നടന്നത്
ഭോപ്പാൽ:നവദമ്പതികൾ തമ്മിലുള്ള വഴക്കിനിടെയുണ്ടായ തീപിടിത്തത്തില്‍ കുടുംബത്തിലെ അഞ്ച് വയസുള്ള കുഞ്ഞിനടക്കം ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൻഷഖേദി ഗ്രാമത്തിലാണ് സംഭവം നടന്നത്. നവവരനായ ജിതേന്ദ്ര കേവത്ത് കുടുംബാംഗങ്ങളോടൊപ്പം ഭാര്യയുടെ വീട്ടിൽ പ്രശ്‌നപരിഹാരത്തിനായി പോകുകയും അവിടെ വെച്ച് വാക്കേറ്റമുണ്ടാകുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്‍റെ യഥാർഥ കാരണം എന്താണെന്ന് അറിയാനാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ അഞ്ച് വയസുകാരന്‍റെ നില ഗുരുതരമാണ്.