ചെന്നൈ: തമിഴ്‌നാട്ടിൽ ഞായറാഴ്‌ച എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 111 ആയി. പുതുതായി റിപ്പോർട്ട് ചെയ്‌ത 765 പോസിറ്റീവ് കേസുകൾ ഉൾപ്പടെ തമിഴ്‌നാട്ടിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,000 കടന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം, 833 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് ഇതുവരെ മൊത്തം 8,324 പേർ കൊവിഡ് മുക്തി നേടി.
തമിഴ്‌നാട്ടിൽ എട്ട് കൊവിഡ് മരണങ്ങൾ, 765 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു - thiruvallur
തമിഴ്‌നാട്ടിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,277 ആണ്. ഇതിൽ 10,576 രോഗികൾ തലസ്ഥാന നഗരമായ ചെന്നൈയിൽ നിന്നാണ്
തമിഴ്‌നാട്ടിൽ വൈറസ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ഇവിടെ നിന്നും ഇന്ന് 587 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ, സംസ്ഥാനത്തെ ആകെ 16,277 രോഗികളിൽ 10,576 പേരും തലസ്ഥാന നഗരിയിൽ നിന്നുമാണ്. പുതിയ പോസിറ്റീവ് കേസുകളിൽ 47 പേർ വിവിധ സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരാണ്. ഇന്ന് റിപ്പോർട്ട് ചെയ്‌തതിലെ ആറു മരണങ്ങളും ചെന്നൈയിൽ നിന്നാണ്. ശേഷിക്കുന്ന രണ്ടു പേർ അടുത്ത ജില്ലകളായ തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, ഇന്ന് മരിച്ച എട്ട് വൈറസ് ബാധിതർക്കും മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.