ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് 700 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിലെ പ്രതികളെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ലോക്ക് ഡൗൺ സമയത്തും അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നെന്നും തുടർന്ന് അക്രമവുമായി ബന്ധപ്പെട്ട 700ഓളം പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹി കലാപം; 700 പേരെ അറസ്റ്റ് ചെയ്‌തു - ലോക്ക് ഡൗൺ
ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വടക്കു കിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിലുൾപ്പെട്ടവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്
പൗരത്വ ഭേദഗതി നിയമത്തിന്‍റെ അനുകൂലികളും നിയമത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നവരും തമ്മിൽ ഉണ്ടായ കലാപത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്, കേസ് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്ഐടി) രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഈ വർഷം മാർച്ച് ആറിന് 654 കേസുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്യുകയും 1,820 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇനിയും ഒളിവിൽ കഴിയുന്ന ആളുകളെ പിടികൂടാനുണ്ടെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടനെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 23ന് വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53ലധികം ആളുകൾ മരിച്ചു, 200ലധികം പേർക്ക് പരിക്കേറ്റു. വ്യാപാര കേന്ദ്രങ്ങളും വീടുകളും ആരാധനാലയങ്ങളും അക്രമികൾ തകർത്തിരുന്നു.