പർവതങ്ങളുടെ രാജ്ഞിയെന്ന് അറിയപ്പെടുന്ന ഷിംലയിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കഴിഞ്ഞ 132 വർഷമായി ഈ കെട്ടിടം നഗരത്തിന്‍റെ ഭംഗിക്കു ആകര്‍ഷണം കൂട്ടുന്നു. ഇന്ത്യയിൽ നിന്നും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും നിരവധി വിദ്യാർഥികൾ ഉന്നത പഠനത്തിനായി ഇവിടെയെത്തുന്നു. വിനോദസഞ്ചാരികൾക്കും ഇഷ്ട കേന്ദ്രമാണ് ഇവിടം.
ഇടിവി ഭാരതത്തിന്‍റെ ജലസംരക്ഷണ ക്യാമ്പയിനില്‍, ഇന്ന് നമ്മൾ ഈ കെട്ടിടത്തെക്കുറിച്ചല്ല സംസാരിക്കുക, മറിച്ച് ഇവിടുത്തെ പച്ചപ്പ് സാധ്യമാക്കിയ ഒരു സംവിധാനത്തെ കുറിച്ചാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിക്കും ഊഷ്മളത പകരുന്ന ഈ പച്ചപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം.
ലോകമെമ്പാടുമുള്ള ജല സംരക്ഷണം ഇന്ന് ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടക്കാനുള്ള ഒരു മാര്‍ഗം 100 വർഷം മുമ്പ് തന്നെ ബ്രിട്ടീഷുകാർ കണ്ടെത്തിയിരുന്നു. 1888ൽ ഈ കെട്ടിടം നിർമിച്ചപ്പോൾ, കെട്ടിടത്തിന് ചുറ്റും ഭൂഗർഭജല ടാങ്കുകൾ നിർമിച്ചിരിന്നു. അവ കെട്ടിടത്തിലെ പൈപ്പുകളിലേക്ക് ബന്ധിപ്പിച്ചിരുന്നു. മഴക്കാലത്ത് മേൽക്കൂരയിൽ ശേഖരിക്കുന്ന വെള്ളം പൈപ്പുകളിലൂടെ ഈ ടാങ്കുകളിൽ നിറയും. പിന്നീടുള്ള ഉപയോഗത്തിനായി മഴവെള്ളം സംഭരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിആർഒ അഖിലേഷ് പറയുന്നു.
99 ഏക്കറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വ്യാപിച്ച് കിടക്കുന്നത്. ഇതിൽ ഏകദേശം 30 ഏക്കറോളം, അതായത് ഏകദേശം മൂന്നിലൊന്ന് ഭാഗവും പച്ചപ്പ് നിറഞ്ഞ ഒരു വലിയ പൂന്തോട്ടമാണ്. ജലസംരക്ഷണത്തിനായി 6 ഭൂഗർഭ ടാങ്കുകൾ നിർമിച്ചിട്ടുണ്ട്. അതിൽ മഴവെള്ളം ശേഖരിക്കപ്പെടുന്നു. 4 വലിയ സംഭരണികളില്‍ 1.2 ദശലക്ഷം ഗാലൻ ജലം സംഭരിക്കാന്‍ ആകും. 30 ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിലെ പച്ചപ്പും സമൃദ്ധിയും നിലനിർത്താൻ, ഈ ജലമാണ് വർഷം മുഴുവനും വിനയോഗിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.