കൊവിഡും എച്ച് 1 എൻ 1 രോഗബാധയും സ്ഥിരീകരിച്ച 59കാരൻ രോഗമുക്തി നേടി - കൊവിഡ് 19
പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം ചികിത്സ തേടിയത്. പരിശോധനയിൽ എച്ച് 1 എൻ 1 പോസിറ്റീവ് ആണെന്നും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തി
തെലങ്കാന:ഹൈദരാബാദിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത 59കാരൻ രോഗമുക്തി നേടി. അദ്ദേഹത്തിന് എച്ച് 1 എൻ 1 രോഗബാധയും സ്ഥിരീകരിച്ചിരുന്നതായി കോണ്ടിനെന്‍റൽ ഹോസ്പിറ്റല്‍ അധികൃതർ പറഞ്ഞു. കൂടാതെ ഉയർന്ന രക്തസമ്മർദ്ദവും കൊറോണറി ആർട്ടറി രോഗവും പ്രമേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം മറ്റൊരു ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പരിശോധനയിൽ എച്ച് 1 എൻ 1 പോസിറ്റീവ് ആണെന്നും കൊവിഡ് -19 വൈറസിന് നെഗറ്റീവും റിപ്പോർട്ട് ചെയ്തു. തുടര്‍ പരിശോധനയിൽ രോഗിക്ക് കൊറോണ വൈറസും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അദ്ദേഹത്തിന്‍റെ രോഗം മാറാൻ മൂന്നാഴ്ച സമയമെടുത്തു. എന്നിരുന്നാലും ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അദ്ദേഹത്തെ നിരീക്ഷിക്കുന്നതായി ചീഫ് ഓഫ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്‍റ് ഇന്‍റന്‍സിവിസ്റ്റ് ഡോ. പാലേപു ഗോപാൽ പറഞ്ഞു.