ഡൽഹിയിൽ മോഷണം തടയുന്നതിനിടെ ഗൃഹനാഥന് വെടിയേറ്റു - robbery in delhi
ഡൽഹിയിലെ ഷഹദാര ഫ്ലൈഓവറിൽ വച്ചാണ് സംഭവം.

ന്യൂഡൽഹി: ഡൽഹിയിലെ ഷഹദാര ഫ്ലൈഓവറിൽ മോഷണം തടയുന്നതിനിടെ ഗൃഹനാഥനെ അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാർ വെടി വച്ചു. വെടിയേറ്റയാൾ മനീഷ് ആണെന്നു തിരിച്ചറിഞ്ഞു. വയറ്റിൽ വെടിയേറ്റ മനീഷ് പട്‌പർഗഞ്ചിലെ ആശുപത്രിയിൽ ചികിത്‌സയിലാണ്. അപകടനില തരണം ചെയ്‌തുവെന്നാണ് വിവരം. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും പൊലീസ് അറിയിച്ചു. മനീഷും സഹോദരൻ അരുണും ബുധനാഴ്‌ച രാത്രി 7.30 ന് വീട്ടിലേക്ക് വരുമ്പോളാണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ഘസിയാബാദ് ജില്ലയിലെ രാംപ്രസ്‌തയിലാണ് ഇവർ താമസിക്കുന്നത്. ഷഹദാര ഫ്ലൈഓവറിൽ എത്തിയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേർ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെ മനീഷിന് വെടിയേൽക്കുകയായിരുന്നു. ഇന്ത്യൻ പീനൽകോഡിലെ 399, 397, 307 വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ തിരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.