ഗാന്ധിനഗർ: കൊവിഡിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അഞ്ച് പേർ ഇനി കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകർ. രോഗം ഭേദമായവരിൽ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുമെന്നും, മറ്റുള്ളവരെ അപേക്ഷിച്ച് അണുബാധ പകരാനുള്ള സാധ്യത കുറവായിരിക്കുമെന്നും കണ്ടെത്തിയതായി അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്‌റ വ്യക്തമാക്കി.
കൊവിഡ് ഭേദമായ അഞ്ച് പേർ ഇനി സന്നദ്ധ പ്രവർത്തകർ - സന്നദ്ധ പ്രവർത്തകർ
രോഗം ഭേദമായവരിൽ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുമെന്നും, മറ്റുള്ളവരെ അപേക്ഷിച്ച് അണുബാധ പകരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് കണ്ടെത്തിയതായി അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്‌റ വ്യക്തമാക്കി.
അഹമ്മദാബാദിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗികൾക്ക് വേണ്ടി കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. 18 മുതൽ 60 വയസ് വരെ പ്രായമുള്ള രോഗികൾക്ക് കേന്ദ്രത്തിൽ ചികിത്സ ലഭിക്കും. എസ്‌വിപി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത ഏഴു രോഗികളിൽ അഞ്ച് പേരാണ് സന്നദ്ധസേവനങ്ങൾ നടത്താൻ തയ്യാറായി മുന്നോട്ടുവന്നത്. ഇവർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) നൽകുമെന്ന് വിജയ് നെഹ്‌റ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസർക്കാരിന്‍റെയും മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കൊവിഡ് ചികിത്സാ കേന്ദ്രം രൂപീകരിക്കുന്നത്. ഡോക്‌ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരെ ഉടൻ നിയമിക്കും. ആംബുലൻസ് സേവനവും ലഭ്യമാക്കും. ഓക്‌സിജൻ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗികൾക്കായി കൊവിഡ് മെഡിക്കൽ സെന്‍റർ നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. അഹമ്മദാബാദിൽ 243 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.