പഞ്ചാബിന്‍റെ പേര് തന്നെ ജലത്തെ സൂചിപ്പിക്കുന്നു ... ആബ് എന്നാൽ ജലം എന്നാണ് അര്‍ത്ഥം. ഝെലം, ചെനാബ്, രവി, വ്യാസ്, സത്‌ലജ് എന്നീ നദികളെ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിഭജനം നടന്നപ്പോൾ നദികളും വിഭജിക്കപ്പെട്ടു. വികസനത്തിന്‍റെ കുതിച്ചുചാട്ടം നദികളെ മലിനമാക്കുകയും കനാലുകൾ വൃത്തിഹീനമാക്കുകയും ചെയ്തു. തന്മൂലം ഭൂഗർഭജലനിരപ്പ് കുറയുകയും അതിന്‍റെ ഫലമായി ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയ്‌ക്കെല്ലാം ഇടയിൽ, പത്മശ്രീ ബഹുമതി നേടിയ ബൽബീർ സിംഗ് സീച്ചേവല്‍ പ്രതീക്ഷയുടെ ഒരു കിരണമാണ്. ബൽബീർ സിംഗ് സീച്ചേവലിന്‍റെ 20 വർഷത്തെ കഠിനാധ്വാനം രാജ്യത്തിന് ലളിതവും താങ്ങാനാവുന്നതുമായ ഒരു മാതൃക നൽകി. സർക്കാരുകൾക്ക് പോലും ചെയ്യാൻ കഴിയാത്തത് ഒരു ബഹുജന പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം ചെയ്തത്. ഏകദേശം 20 വർഷങ്ങൾ മുന്‍പ്, 2000 ജൂലൈ 15നാണ്, ജലന്ധറിലെ പവിത്രമായ കാളി വെയ് നദി വൃത്തിയാക്കാനുള്ള ചുമതല സീച്ചേവാൾ ഏറ്റെടുക്കുകയും അതിൽത്തന്നെ ഒരു മാതൃകയാവുകയും ചെയ്തത്.
ബൽബീർ സിംഗ് സീച്ചേവല്‍ കാമ്പെയ്ൻ ആരംഭിച്ചെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല. കാളി വെയ് നദിയിൽ ഇറങ്ങിയ അദ്ദേഹം കാട്ടു കളകളും ചെടികളും പുറത്തെടുക്കുന്ന ജോലികൾ ആരംഭിച്ചു. ഇത് കണ്ട് പന്ത്രണ്ടോളം ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ ഈ കാമ്പെയ്‌നിൽ ചേരാൻ തീരുമാനിച്ചു. ഈ കൂട്ടായ്മയുടെ ഫലം ഇന്ന് എല്ലാവരുടെയും മുന്നിലുണ്ട്. കാളി വെയ് നദി വൃത്തിയും വെടിപ്പുമുള്ള ഒന്നാക്കിയ ശേഷം, അതിലെ ജലം വീണ്ടും ഉപയോഗിക്കുകയും ജലനിരപ്പ് ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു സീചേവാളിന്‍റെ അടുത്ത ദൗത്യം. ഇതിനായി സുൽത്താൻപൂർ ലോധി അഴുക്കുചാലിലെ മണലിൽ മഴവെള്ളം ശേഖരിക്കുന്ന ഒരു മാതൃക തയ്യാറാക്കി. ഭൂഗര്‍ഭ ജലം റീചാർജ് ചെയ്യുന്ന മാതൃകയാണിത്.
പഞ്ചാബിന്‍റെ ജലസംരക്ഷണ പാഠങ്ങള്‍ മലിന ജലം പുനരുപയോഗിക്കുന്നതിനായി മലിനജല ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനുശേഷം, പല ഗ്രാമങ്ങളിലും അത്തരം പ്ലാന്‍റുകള്‍ സ്ഥാപിക്കുകയും വൃത്തിഹീനമായ വെള്ളം വീണ്ടും കൃഷിക്കായി ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്തു. സ്വന്തം ഗ്രാമമായ സീചേവാലില്‍ നിന്ന് കിണറുകളിലൂടെ ജലസംരക്ഷണവും അദ്ദേഹം ആരംഭിച്ചു. ഇത് ക്രമേണ മറ്റ് നൂറുകണക്കിന് ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ പ്രക്രിയയിൽ, കുളങ്ങളിൽ ജലം ശേഖരിക്കുന്നതിന് മുമ്പ് കിണറുകൾ ഉപയോഗിച്ച് വെള്ളം പ്രാഥമികമായി അരിച്ച് വൃത്തിയാക്കുന്നു. യന്ത്രസാമഗ്രികൾ ഉപയോഗിക്കാതെ തദ്ദേശീയ വിദ്യകൾ ഉപയോഗിച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ഖരമാലിന്യങ്ങൾ ആദ്യത്തെ കിണറ്റിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ കിണറ്റിൽ, ജലത്തിന്‍റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുകയും മൂന്നാമത്തെ കിണറ്റിൽ, ഒരു നിശ്ചിത അളവിൽ വൃത്തിയാക്കപ്പെടുന്ന വെള്ളം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് വലിയ കുളത്തിൽ ഈ വെള്ളം ശേഖരിക്കപ്പെടുന്നു. അതിനുശേഷം ഭൂഗർഭ സിമന്‍റ് പൈപ്പുകളിലൂടെ ജലം വയലുകളിലേക്ക് എത്തിക്കുന്നു.
2006 ഓഗസ്റ്റ് 17ന് അന്നത്തെ പ്രസിഡന്‍റായിരുന്ന ഡോ എപിജെ അബ്ദുൾ കലാം പ്രസ്തുത പദ്ധതി കാണാന്‍ സീച്ചേവല്‍ സന്ദര്‍ശിച്ചു. കാളി വെയ് നദി വൃത്തിയാക്കിയതും ജലസംരക്ഷണവും വിശിഷ്ടമായ ഒരു ജോലിയാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും ബല്‍ബീര്‍ സിംഗ് സീച്ചേവാലിന്‍റെ മാതൃക കാണാനായി സീച്ചേവല്‍ സന്ദർശിച്ചിരുന്നു. കാളി വെയ് നദിയിൽ നിന്ന് ആരംഭിച്ച നിസ്വാർത്ഥ സേവനം 20 വർഷത്തിനുള്ളിൽ സത്‌ലജ് നദിയിലെത്തി ഒരു വിപ്ലവ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ശ്രേഷ്ഠമായ പ്രവർത്തനം കണക്കിലെടുത്ത് ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.