മുംബൈ: കൊവിഡ് നിയന്ത്രണങ്ങൾ മൂലം റഷ്യയിൽ കുടുങ്ങിപ്പോയ 480 മെഡിക്കൽ വിദ്യാർഥികൾ ഇന്ത്യയിൽ തിരിച്ചെത്തി. ഒരു സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് ഇവർ മുംബൈയിലെത്തിയത്. തിരിച്ചെത്താൻ സഹായിച്ചതിൽ വിദ്യാർഥികൾ മഹാരാഷ്‌ട്ര മന്ത്രി ആദിത്യ താക്കറെക്ക് നന്ദി അറിയിച്ചു. സഹായത്തിനായി ആദിത്യ താക്കറെയെ ബന്ധപ്പെടാൻ വിദ്യാർഥികളോട് താനാണ് ആവശ്യപ്പെട്ടതെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് എംപി അരവിന്ദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർഥികളിൽ 470 പേർ മഹാരാഷ്‌ട്ര സ്വദേശികളും, നാല് പേർ ദദ്ര, നാഗർ സ്വദേശികളും, നാല് പേർ മധ്യപ്രദേശ് സ്വദേശികളും, രണ്ട് പേർ ഗോവ സ്വദേശികളുമാണ്. യാത്രക്കായി ഓരോ വിദ്യാർഥികളും ഏകദേശം 30,000 രൂപ ചെലവഴിച്ചു. വിദ്യാർഥികളെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സർക്കാർ, ഇന്ത്യൻ എംബസി എന്നിവ ഏകോപിപ്പിക്കുന്നതിന് താക്കറെ സഹായിച്ചതായി ഡൽഹി ആസ്ഥാനമായുള്ള നിക്‌സ്‌ടൂർ ഓൺലൈൻ ടിക്കറ്റിംഗ് കമ്പനിയിലെ നികേഷ് രഞ്ചൻ അറിയിച്ചു.
റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവർക്കും 'വന്ദേ ഭാരത് മിഷൻ' പ്രകാരം വിമാനങ്ങളിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല. ഉക്രെയിനിൽ നിന്നും വിദ്യാർഥികളെ തിരികെയെത്തിച്ച വാർത്തകളെ തുടർന്നാണ് വിദ്യാർഥികൾ ബന്ധപ്പെട്ടത്. തുടർന്ന് ആദിത്യ താക്കറെക്ക് ഇമെയിൽ ചെയ്യുകയും ചാർട്ടേഡ് വിമാനത്തെക്കുറിച്ച് അറിയിച്ചപ്പോൾ അദ്ദേഹം സഹകരിച്ചതായും നികേഷ് രഞ്ചൻ അറിയിച്ചു. ഈ മാസം എട്ടിന് റഷ്യയിൽ നിന്ന് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസും നിക്‌സ്‌ടൂർ ഓൺലൈൻ ടിക്കറ്റിംഗ് കമ്പനിയാണ് നടത്തിയത്. ഇന്ന് ബെംഗളൂരവിലും, ഈ മാസം 15 ന് ഡൽഹിയിലും, 18 ന് ചെന്നൈയിലും വിമാന സർവീസുകൾ നടത്തുന്നത് കമ്പനിയിലൂടെയാണെന്നും രഞ്ചൻ പറഞ്ഞു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 3,000 ത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഈ മാസം അവസാനത്തോടെ തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് വിമാനത്തിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും തുടർന്നാണ് ആദിത്യ താക്കരെയെ സമീപിച്ചതെന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥിയായ ഡാനിഷ് മിനിസ്ട്രി പറഞ്ഞു. മൂന്ന് മാസമായി വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ വിമാനങ്ങളൊന്നും ലഭ്യമായിരുന്നില്ല. സഹായിച്ച താക്കറെക്കും ടിക്കറ്റിംഗ് കമ്പനിക്കും നന്ദി പറയുന്നതായി മറ്റൊരു വിദ്യാർഥി സ്‌നേഹ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നതിനായി നിക്‌സ്‌ടൂർ ആദിത്യ താക്കറെക്ക് ഇമെയിൽ അയച്ചതായി യുവജനസേനയുടെ കോർ കമ്മിറ്റിയംഗം സൈനാഥ് ഡർജ് പറഞ്ഞു.