കേരളം

kerala

ETV Bharat / bharat

അടിയന്തരാവസ്ഥയുടെ 45 വര്‍ഷം; വിവാദ കാലത്തിന്‍റെ ഓര്‍മയില്‍ രാജ്യം - Prime Minister Indira Gandhi

അടിയന്തരവാസ്ഥയിലേക്ക് നയിച്ച കാരണങ്ങള്‍, അന്നത്തെ രാഷ്ട്രീയ സ്ഥിതി, അതിനു ശേഷമുള്ള ഇന്ത്യ തുടങ്ങിയ കാര്യങ്ങളെ വിലയിരുത്തുകയാണ് ലേഖനത്തില്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 45 വര്‍ഷം  വിവാദ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം  ഇന്ദിരാഗാന്ധി  ഫക്രുദ്ദീന്‍ അലി അഹമ്മദ്  45 years to Emergency  A look at what led to this controversial period of Independent India  Prime Minister Indira Gandhi  Indira Gandhi
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 45 വര്‍ഷം; വിവാദ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

By

Published : Jun 25, 2020, 2:47 PM IST

ഹൈദരാബാദ്: 1975 ജൂണ്‍ 25 അര്‍ധരാത്രിയോടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. 21 മാസക്കാലത്തേക്കുള്ള പ്രഖ്യാപനത്തിന് പ്രസിഡന്‍റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒപ്പുവെച്ചതോടെയാണ് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നത്. രാജ്യത്തെ കലുഷിതമായ ആഭ്യന്തര സാഹചര്യമാണ് ഇന്ത്യന്‍ ഭരണഘടനയിലെ 352(1) വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്. നാല്‍പത്തിയഞ്ചാം വാര്‍ഷിക ദിനമായ ഇന്ന് അടിയന്തരാവസ്ഥയിലേക്ക് നയിച്ച വിവാദപൂര്‍ണമായ സംഭവ വികാസങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.

എന്താണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്

നിരവധി സംഭവങ്ങളും ഘടകങ്ങളും അടിയന്തരാവസ്ഥയിലേക്ക് നയിച്ചുവെന്ന് പറയാം. അക്കാലത്ത് തൊഴിലില്ലായ്‌മ പെരുക്കുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍, വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങിയവ മൂലം രാജ്യം കനത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ തോതില്‍ കലാപങ്ങളും പ്രക്ഷോഭങ്ങളും തുടര്‍ന്നു.

ഗുജറാത്തിലെ നവനിര്‍മാണ്‍ ആന്തോളന്‍

1973നും 74നും ഇടക്കുള്ള കാലഘട്ടത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ വലിയ പ്രക്ഷോഭം തന്നെ നടന്നു. ഫീസ് വര്‍ധനയായിരുന്നു വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായത്. തുടര്‍ന്ന് ഫാക്‌ടറി തൊഴിലാളികളും സമരത്തില്‍ പങ്കു ചേര്‍ന്നു. അഴിമതി തുടരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വെക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഈ പ്രക്ഷോഭം നവനിര്‍മാണ്‍ മൂവ്‌മെന്‍റ് എന്ന പേരിലാണറിയപ്പെട്ടത്.

ജെപി മൂവ്മെന്‍റ്

സമാനമായ മറ്റൊരു വിദ്യാര്‍ഥി പ്രക്ഷോഭവും അക്കാലത്ത് ബിഹാറില്‍ നടന്നു. ചത്ര സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണന്‍റെ പിന്തുണയും ഉണ്ടായിരുന്നു. ബിഹാര്‍ മൂവ്‌മെന്‍റ് എന്നറിയപ്പെട്ട സമരം പിന്നീട് ജെപി മൂവ്‌മെന്‍റ് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. അക്രമമാര്‍ഗത്തിന് പകരം അഹിംസ മുഖമുദ്രയാക്കി സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം വിദ്യാര്‍ഥികളോടും, കൃഷിക്കാരോടും, തൊഴിലാളി യൂണിയനുകളോടും അഭ്യര്‍ഥിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പാര്‍ലമെന്‍ററിക്ക് പുറത്തുള്ള കാര്യങ്ങളാണ് ജെപി ചെയ്യുന്നതെന്ന് ഇന്ദിരാഗാന്ധി പ്രതികരിക്കുകയും 1976 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മല്‍സരിക്കാന്‍ ജെപിയെ വെല്ലുവിളിക്കുകയും ചെയ്‌തു.

റെയില്‍വേ പ്രക്ഷോഭം

1974 മെയ് മാസത്തിൽ സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ റെയിൽവേ പണിമുടക്ക് രാജ്യത്തുടനീളം നടന്നു. ഇത് ചരക്കുനീക്കവും പൊതുഗതാഗതത്തെയും തടസപ്പെടുത്തി. മൂന്ന് ആഴ്‌ച നീണ്ടു നിന്ന സമരത്തില്‍ ഏകദേശം ഒരു മില്ല്യണ്‍ റെയില്‍വേ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു. ഇന്ത്യ ആഫ്റ്റര്‍ ഗാന്ധിയെന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ പുസ്‌തകത്തില്‍ ഈ സമരത്തിന്‍റെ വിവരങ്ങള്‍ കാണാം. ആയിരത്തിലധികം റെയില്‍വെ തൊഴിലാളികളെ അറസ്റ്റ് ചെയ്‌തും ഇവരുടെ കുടുംബങ്ങളെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്താക്കിയുമാണ് കേന്ദ്രം ഈ സമരത്തെ നേരിട്ടത്.

അലഹബാദ് ഹൈക്കോടതി വിധി

ഇതിനിടെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ അഴിമതിയാണെന്നാരോപിച്ച് സോഷ്യലിസ്റ്റ് നേതാവായ രാജ് നരെയ്‌ന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. റായ് ബറേലിയില്‍ നടന്ന 1971ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിയോഗിയായി മല്‍സരിച്ച് പരാജയപ്പെട്ട നേതാവായിരുന്നു രാജ് നരെയ്‌ന്‍.

ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധി വന്നു. ജസ്റ്റിസ് ജഗ് മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി 1971ലെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടു. ഇത് ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീം കോടതിയിലെത്തി. 1975 ജൂണ്‍ 24ന് ജസ്റ്റിസ് വിആര്‍ കൃഷ്‌ണയ്യര്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ഉപാദികളോടെ സ്റ്റേ ചെയ്‌തു. പാര്‍ലമെന്‍റില്‍ പങ്കെടുക്കാന്‍ അനുവദിച്ചെങ്കിലും കോടതി അപ്പീലില്‍ വിധി പറഞ്ഞില്ലെങ്കില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു.

ജൂണ്‍ 25ന് വൈകുന്നേരം ജെപി, മൊറാര്‍ജി ദേശായി, രാജ് നരായെന്‍, നാനാജി ദേശ്‌മുഖ്, മദന്‍ ലാല്‍ ഖുരാന, മറ്റ് രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ രാം ലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്‌തു. ഇന്ദിരാഗാന്ധി രാജിവെക്കണമെന്നായിരുന്നു ആ കൂടിച്ചേരലിന്‍റെ ഉദ്ദേശ്യം. ജെപിയും ഉജ്ജ്വലമായ പ്രസംഗമാണ് അവിടെ നടത്തിയത്. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കരുതുന്ന ഉത്തരവുകൾ അനുസരിക്കരുതെന്ന് അദ്ദേഹം സൈന്യത്തെയും പൊലീസിനെയും ഉപദേശിക്കുകയുണ്ടായി. തുടര്‍ന്ന് രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചതാണ് പിന്നീട് കാണാനായത്. മൂന്നാമത്തെ തവണയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്. 1962ല്‍ ഇന്ത്യ-ചൈന യുദ്ധ സമയത്തും 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്തുമാണ് ഇതിന് മുന്‍പ് രാജ്യം അടിയന്തരാവസ്ഥയ്‌ക്ക് സാക്ഷ്യം വഹിച്ചത്.

അടിയന്തരാവസ്ഥ കാലഘട്ടം

ജെപി, മൊറാര്‍ജി ദേശായി, ജോര്‍ജ് ഫെര്‍ണാണ്ടസ്, അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, അരുണ്‍ ജെയ്‌റ്റലി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളാണ് അക്കാലത്ത് ജയിലില്‍ പോകേണ്ടി വന്നത്. അടിയന്തരാവസ്ഥ കാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് പത്ര സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടതാണ്. ഇതിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാജ്യത്ത് വിലക്ക് വന്നു. ജൂണ്‍ 25ന് രാത്രി പ്രഖ്യാപനം വന്നതോടെ തന്നെ പത്ര സ്ഥാപനങ്ങളുടെ വൈദ്യുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങളും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പുറത്തിറക്കി. എന്ത് പ്രസിദ്ധീകരിക്കണമെങ്കിലും പ്രസ് അഡ്വൈസറുടെ അനുമതി വേണമെന്ന അവസ്ഥ രാജ്യത്ത് നിലവില്‍ വന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് പത്രങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം പല പത്രങ്ങളും തങ്ങളുടെ പത്രങ്ങളുടെ ആദ്യ പേജ് ഒഴിച്ചിട്ട് പ്രതിഷേധം പ്രകടിപ്പിച്ചു. സഞ്ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യകരണ പ്രചരണം അടക്കം നിരവധി മനുഷ്യാവകാശ ലംഘനങ്ങളും അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം

1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ റദ്ദാക്കി. തുടര്‍ന്ന് നേതാക്കളെ ജയില്‍ മോചിതരാക്കുകയും പത്ര സ്വാതന്ത്യം തിരിച്ചു നല്‍കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇന്ദിരാഗാന്ധി രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പിന്നീട് കോണ്‍ഗ്രസിന് കളമൊഴിയേണ്ടി വരികയും ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്‌തു. മൊറാര്‍ജി ദേശായി ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിയായി അധികാരത്തിലെത്തി.

ABOUT THE AUTHOR

...view details