ഐസ്‌വാള്‍:ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ 445 ഇതര സംസ്ഥാനക്കാര്‍ മിസോറാമില്‍ കുടുങ്ങിയെന്ന് മുഖ്യമന്ത്രി സോറംതംഗ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ ഇവര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിസോറാമില്‍ കുടുങ്ങിയത് 445 ഇതര സംസ്ഥാന തൊഴിലാളികള്‍ - അന്തര്‍ സംസ്ഥാന ബന്ധം
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മിസോറാംക്കാര്‍ അവിടങ്ങളില്‍ തന്നെ കഴിയണമെന്ന് മിസോറാം മുഖ്യമന്ത്രി
നൂറുകണക്കിന് മിസോറാംക്കാര്‍ രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി മിസോറാം നല്ല ബന്ധം പുലര്‍ത്തുകയാണ്. ഇവിടങ്ങളില്‍ ഉള്ളവര്‍ക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ സംരക്ഷണം നല്‍കും. മാനുഷിക പരിഗണന ലഭിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ടാംഘട്ട ലോക്ക് ഡൗണിന് മുന്‍പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മിസോറാംക്കാരെ തിരികെ എത്തിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം ഏപ്രില്‍ 13നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ഇവരെ തിരികെ എത്തിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന്‍റെ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് മിസോറാംക്കാരെ തിരികെയെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.