ജമ്മു കശ്മീരിൽ മൂന്നാം ഘട്ട ഡിഡിസി തെരഞ്ഞെടുപ്പില്‍ 43 ശതമാനം പോളിങ് - ഡിഡിസി തെരഞ്ഞെടുപ്പ്
ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം പൂഞ്ച് ജില്ലയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ(ഡിഡിസി) തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ ഒരു മണി വരെ 43 ശതമാനം പോളിങ് രേഖപ്പെടുത്തി. പൂഞ്ച് ജില്ലയിലാണ് ഏറ്റവുമധികം വോട്ടിങ് ശതമാനം. 83.07 ശതമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം കശ്മീർ ഡിവിഷനിൽ 25 ശതമാനവും ജമ്മു ഡിവിഷനിൽ 60.05 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ഡിഡിസിയുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് 33 മണ്ഡലങ്ങളിലാണ് നടക്കുന്നത്. ഇതിൽ 16 എണ്ണം കശ്മീർ ഡിവിഷനും 17 എണ്ണം ജമ്മു ഡിവിഷനുമാണ്. രണ്ട് ഡിവിഷനുകളിലായി 2,046 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 19 വരെ തുടരും. ഡിസംബർ 22 നാണ് വോട്ടെണ്ണൽ. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം പോളിങ് ശതമാനം
ജമ്മു ഡിവിഷൻ- പൂഞ്ച് (83.07), രജൗരി (64.48), റിയാസി (62.37), സംബ (60.21), റാൻബാൻ (58.01), കിഷ്വാർ (57.26), ജമ്മു(57.96), കത്വ (53.60), ഡൊഡ(50.49)
കശ്മീർ ഡിവിഷൻ- കുൽഗാം (58.76), ബാന്ദിപോറ (51.96), ബഡ്ഗം (45.25), കുപ്വാര(28.87), ബരബുള്ള (28), ഗണ്ടർബാൽ (19.15), അനന്ത്നാഗ് (13.11), പുൽവാമ (9.31)