ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വൻ സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും 190 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക തെരഞ്ഞെടുപ്പ് ചുമതലകളും സിഎപിഎഫ് കമ്പനികൾക്ക് പോളിങ് ബൂത്തുകളുടെയും ഇവിഎം മെഷീനുകളുടെയും സുരക്ഷിതത്വവുമാണ് നൽകിയിരിക്കുന്നത്.
ഡൽഹി തെരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വൻ സുരക്ഷ
നാളെ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഖമമായ നടത്തിപ്പിനായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും 190 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്
ഇതിനുപുറമെ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 19,000ഓളം ഹോം ഗാർഡുകളെയും പോളിങ്ങ് ബൂത്തുകളിലെ സുരക്ഷക്കായി ക്രമീകരിച്ചിട്ടുണ്ട്. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 2689 തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 545 ഇടങ്ങളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിയമവിരുദ്ധമായോ പണമുപയോഗിച്ചോ നിർബന്ധിപ്പിച്ചോ സമ്മതിദായകനെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അനധികൃത മദ്യവും മറ്റ് നിരോധിത വസ്‌തുക്കളും പിടിച്ചെടുക്കാൻ അതിർത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.