ക്വാലാലംപൂരിൽ നിന്നും 180 ഇന്ത്യക്കാർ തിരിച്ചെത്തി - വന്ദേ ഭാരത് മിഷൻ
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്‌സ് 687 വിമാനത്തിലാണ് 180 ഇന്ത്യക്കാരും മലേഷ്യയിൽ നിന്നും തിരിച്ചെത്തിയത്
ചെന്നൈ: മലേഷ്യയിലെ ക്വാലാലംപൂരിൽ കുടുങ്ങിയ 180 ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിച്ചു. മൂന്ന് കുട്ടികളടക്കമുള്ള ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മടക്കികൊണ്ടു വന്നത്. ചെറിയ ബാച്ചുകളായാണ് യാത്രക്കാരെ ഐഎക്‌സ് 687 വിമാനത്തിൽ നിന്ന് ഇറക്കിയത്. അന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന 180 പേരെയും ശരീര താപനില പരിശോധിക്കുന്നതിനായി തെർമൽ സ്‌കാനിംഗിന് വിധേയരാക്കി. ശേഷം, ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേ ഭാരത് മിഷന്‍റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയത്.