ന്യൂഡൽഹി: ബാബ സാഹിബ് അംബേദ്‌കർ ആശുപത്രിയിലെ 29 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, ആശുപത്രിയിലെ മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വരാനിരിക്കുന്ന നാല് സാമ്പിളുകളുടെ ഫലവും പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നും നോയിഡ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി ആശുപത്രിയിൽ 29 ആരോഗ്യ പ്രവർത്തകർ കൊവിഡ് പോസിറ്റീവ്
ബാബ സാഹിബ് അംബേദ്‌കർ ആശുപത്രിയിലെ ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, ആശുപത്രിയിലെ മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർകരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതു പ്രകാരം ഡൽഹിയിൽ ലോക്ക് ഡൗണിൽ ഇളവുകൾ നൽകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിലെ വൈറസ് ബാധ കുറയ്ക്കുന്നതിലാണ് സർക്കാരിന്‍റെ പൂർണ ശ്രദ്ധയെന്നും അതിനുള്ള പരിശ്രമങ്ങളുമായി എല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് പോകാമെന്നും കെജ്‌രിവാൾ വിശദീകരിച്ചു. കേന്ദ്രത്തിന്‍റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി മെയ് മൂന്നു വരെ ചെറിയ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. എന്നാൽ, ദേശീയ തലസ്ഥാനത്ത് വലിയ കടകമ്പോളങ്ങളും മാളുകളും തുറക്കാൻ അനുവദിക്കില്ലെന്നും കൂടുതൽ കൊവിഡ് കേസുകളുള്ള പ്രദേശങ്ങളിലെ എല്ലാ കടകളും അടച്ചിടുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ 26,917 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20,177 സജീവ കേസുകളുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം 5,913 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് 826 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്‌ടപ്പെട്ടു.