ലഖ്‌നൗ: ഉത്തർപ്രദേശിൽ എട്ട് പേർ അനധികൃത മദ്യം കഴിച്ച് മരിച്ചതിന് പിന്നാലെ യുപി എക്‌സൈസ് വകുപ്പ് 283 പേരെ അറസ്റ്റ് ചെയ്യുകയും 18,000 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുക്കുകയും ചെയ്‌തു. നവംബർ 12ന് ലഖ്‌നൗവിലെ ബന്ധാര പ്രദേശത്ത് അനധികൃത മദ്യം കഴിച്ച് മൂന്ന് പേർ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനുപുറമെ നവംബർ 20ന് അലഹബാദിലെ അംലിയ ഗ്രാമത്തിലും അഞ്ച് പേർ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നതായി അധികൃതർ അറിയിച്ചു. 'ഉൽപ്പാദനം, വിൽപ്പന, കള്ളക്കടത്ത്' എന്നിവയ്‌ക്കെതിരായി സർക്കാർ നടത്തിയ പ്രത്യേക നീക്കത്തിന്‍റെ ഭാഗമായി 18,286 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുക്കുകയും 1,52,575 കിലോഗ്രാം 'ലഹാൻ' (അനധികൃത മദ്യം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ) നശിപ്പിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുപിയിൽ 18,000 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തു; 283 പേർ അറസ്റ്റിൽ
ഐപിസി, ഗുണ്ട ആക്‌ട്, ഗ്യാങ്സ്റ്റർ ആക്‌ട്, എക്സൈസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉന്നതഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്
നവംബർ 18 മുതൽ നവംബർ 22 വരെ നടത്തിയ പരിശോധനയിൽ 283 പേരെ അറസ്റ്റ് ചെയ്യുകയും 888 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18,286.40 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുക്കുകയും ചെയ്‌തു. മൊത്തം 1,52,575 കിലോഗ്രാം ലഹാൻ നശിപ്പിച്ചെന്നും എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ആർ ഭൂസ്രെഡി പറഞ്ഞു. രണ്ട് കേസുകളിലും ലൈസൻസ് ഉടമകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതാപ്‌ഗഡിൽ 88 ലിറ്റർ അനധികൃത മദ്യവും 1,310 ലിറ്റർ അനധികൃത വിദേശ മദ്യവും കണ്ടെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. മദ്യവിൽപ്പനശാലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനും പ്രാദേശിക ലബോറട്ടറികളിൽ പരിശോധന നടത്താനും എല്ലാ ജില്ലാ എക്സൈസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഭൂസ്രെഡി പറഞ്ഞു. മേൽപ്പറഞ്ഞ ഉത്തരവ് പാലിച്ച് 12,957 കടകളിൽ നിന്ന് ഇതുവരെ 14,892 സാമ്പിളുകൾ ശേഖരിച്ചു. ഐപിസി, ഗുണ്ട ആക്‌ട്, ഗ്യാങ്സ്റ്റർ ആക്‌ട്, എക്സൈസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.