ന്യൂയോർക്ക്: 23 വയസുള്ള സിഖ് യുവാവിനെ ടർബൻ ധരിച്ചതിന്‍റെ പേരിൽ ന്യൂയോർക്കിലെ ഹോട്ടലിൽ പ്രവേശനം നിഷേധിച്ചു.
ശനിയാഴ്ച രാത്രി പോർട്ട് ജെഫർസണിലെ ഹാർബർ ഗ്രിൽ എന്ന ഹോട്ടലിലെത്തിയ ഗുരുവിന്ദർ ഗെർവാൾ എന്ന യുവാവിന് ടർബൻ ധരിച്ചെന്ന കാരണത്താൽ ഹോട്ടൽ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഹോട്ടലിന്‍റെ പുതിയ നിയമങ്ങൾ പ്രകാരം വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 10 മണിക്ക് ശേഷം ഹോട്ടലിൽ എത്തുന്ന ആളുകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ട്. ശിരോവസ്ത്രം ധരിച്ചവരെ ഹോട്ടലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് പുതിയ നിയമങ്ങൾ പറയുന്നതെന്നും ഹോട്ടൽ അധികൃതർ വിശദീകരിച്ചു. ഹോട്ടൽ ആരെയും ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേർത്തിരിക്കുന്നില്ലെന്നും സംഭവത്തിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഹോട്ടൽ അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്നവർക്ക് ഹോട്ടലിൽ പ്രവേശനമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
സംഭവത്തിൽ പോർട്ട് ജെഫർസൺ മേയർ മാർഗോട്ട് ഗാരാന്‍റ് തന്നോട് ക്ഷമ ചോദിച്ചതായി ഗുരുവിന്ദർ ഗെർവാൾ പറഞ്ഞു. തന്‍റെ വസ്ത്രധാരണം കാരണം സ്കൂളിലും കോളേജിലും പല രീതികളിലുള്ള ബുദ്ധിമുട്ടുകൾ താൻ നേരിട്ടിരുന്നെങ്കിലും പൊതുസ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെടുന്നത് ആദ്യമായാണെന്നും ഗുരുവിന്ദർ കൂട്ടിച്ചേർത്തു.