ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ 15 ദിവസത്തിനിടെ എട്ട് ഉന്നത കമാൻഡർമാർ ഉൾപ്പെടെ ഇരുപത്തിരണ്ട് പേർ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കശ്മീരില്‍ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 22 തീവ്രവാദികള്‍
ഇസ്ലാമിക് സ്റ്റേറ്റ്, ജമ്മു കശ്മീർ (ഐഎസ്‌ജെകെ), ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍
ഇസ്ലാമിക് സ്റ്റേറ്റ്, ജമ്മു കശ്മീർ (ഐഎസ്‌ജെകെ) കമാൻഡർ ആദിൽ അഹ്മദ് വാനി, ലഷ്കർ-ഇ-ത്വയ്യ്ബ (എൽഇടി) കേഡർ ഷഹീൻ അഹ്മദ് തോക്കർ എന്നിവരെ മെയ് 25 ന് ഖുദ് ഹഞ്ചിപോര കുൽഗാമിൽ വെച്ച് വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) കമാൻഡർ പർവൈസ് അഹ്മദ് പണ്ഡിത്ത് മെയ് 30ന് വാൻപോറ കുൽഗാമിൽ വച്ചും വധിച്ചു. കൂടാതെ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഗ്രൂപ്പ് കമാൻഡർ ആഖിബ് റംസാൻ വാനി, അവനിത്പോര ജെഎം കമാൻഡർ മുഹമ്മദ് മക്ബൂൾ ചോപൻ എന്നിവരെ ജൂൺ രണ്ടിന് അവന്തിപൂരിൽ വച്ച് ഇന്ത്യൻ സൈന്യം വധിച്ചു.
പാകിസ്ഥാൻ നിവാസിയായ ജെഎം ടോപ്പ് കമാൻഡർ ഭൗജി ഭായ്, എച്ച്എം ടോപ്പ് കമാൻഡർ മൻസൂർ അഹ്മദ് കാർ, ജെഎം കമാൻഡർ ജാവേദ് അഹ്മദ് സർഗാർ എന്നിവർ കങ്കൻ പുൽവാമയിൽ കൊല്ലപ്പെട്ടു. എച്ച്എം കമാൻഡർമാരായ ആദിൽ അഹ്മദ് മിർ, ബിലാൽ അഹ്മദ് ഭട്ട്, സാജാദ് അഹ്മദ് വാഗെ എന്നിവരും ഇതേ ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും ഷോപിയൻ, കുൽഗാം, പുൽവാമ ജില്ലകളിൽ നിന്നുള്ളവരാണ്. ഈ വർഷം 88 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ദിൽബാഗ് സിംഗ് പറഞ്ഞു.