ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടിംഗ് മെഷീനിനെതിരായുളള പ്രതിപക്ഷ പാർട്ടികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ - ഇടതുപക്ഷം
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികള്‍ ചേർന്ന് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്
കോണ്‍ഗ്രസ് , ടിഡിപി, എൻസിപി , ആംആദ്മി, ഇടതുപക്ഷം, എസ്പി, ബിഎസ്പി, തുടങ്ങി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികള്‍ ചേർന്നാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിനെതിരെ ഹർജി സമർപ്പിച്ചത്. മെഷീനിന് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്നും 50 ശതമാനം വിവിപാറ്റ് സ്ളിപ്പുകള്‍ വോട്ടിംഗ് മെഷീനിൽ നിന്നുളള വോട്ടുകളുടെ എണ്ണവുമായി തട്ടിച്ചു നോക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം . 2017 ൽ ഉത്തർപ്രദേശിലെ ബിജെപിയുടെ വമ്പൻ വിജയത്തിന് ശേഷമാണ് വോട്ടിംഗ് മെഷീനുകളിൽ പ്രതിപക്ഷം സംശയം ഉന്നയിച്ച് തുടങ്ങിയത്.
അതിനിടെ ഓരോ മണ്ഡലത്തിൽ നിന്നും എത്ര വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനുമായി തട്ടിച്ചുനോക്കാനാകുമെന്ന കാര്യത്തിൽ കേന്ദ്ര സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റിറ്റ്യൂട്ടിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുക്കുക.ലോകസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ സുപ്രീം കോടതിയുടെ വിഷയത്തിലെ നിലപാടും പ്രധാനമാണ്