ഹൈദരാബാദ്: തെലങ്കാനയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,082 ആയി ഉയർന്നു. പുതിയ കേസുകളിൽ 20 എണ്ണം ഹൈദരാബാദിൽ നിന്നും, ഒരു കേസ് ജാഗിതാലിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. 545 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 29 പേരാണ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരിൽ 50 ശതമാനത്തിലധികം പേരും സുഖം പ്രാപിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദർ പറഞ്ഞു.
തെലങ്കാനയിൽ 21 പേർക്ക് കൂടി കൊവിഡ്; 545 പേർക്ക് രോഗമുക്തി - നാഗർകുർനൂൽ
തെലങ്കാനയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,082 ആയി ഉയർന്നു. 29 പേർ മരിച്ചു.
500 ഓളം കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ അടിയന്തര ക്രമീകരണങ്ങൾ ആവശ്യപ്പെട്ട് പെഡപ്പള്ളി ജില്ലയിൽ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. മറ്റൊരു പ്രതിഷേധം നടന്നത് നാഗർകുർനൂൽ ജില്ലയിലാണ്. കോട്ടൺ മിൽ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ടോളചൗക്കിലും സമാനമായ പ്രതിഷേധം നടന്നു. നടപടികൾ പൂർത്തിയായ ശേഷം എല്ലാവരെയും സ്വദേശത്ത് എത്തിക്കുമെന്ന് അധികൃതർ തൊഴിലാളികൾക്ക് ഉറപ്പ് നൽകി.
അതേസമയം, കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സന്ദർശനത്തിനെത്തിയ ഇന്‍റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐ.എം.സി.ടി) ഞായറാഴ്‌ച പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചുപോയി. ഏപ്രിൽ 24ന് ഇവർ തെലങ്കാനയിലെത്തിയ ഇവർ ആശുപത്രികൾ, കണ്ടെയിന്‍മെന്‍റ് സോണുകൾ, ക്വാറന്‍റൈൻ സോണുകൾ, റൈത്ത് ബസാറുകൾ, അന്നപൂർണ മൊബൈൽ കാന്‍റീനുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നടപടികളിലും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലും തൃപ്‌തി പ്രകടിപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്.