മധുര: തിരുമംഗലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ ഒരേ ട്രാക്കിൽ നേർക്കുനേർ വന്ന സംഭവത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുമംഗലം സ്റ്റേഷൻ മാസ്റ്റർ ജയകുമാർ, കല്ലിക്കുടി സ്റ്റേഷൻ മാസ്റ്റർ ഭീം സിങ് മീണ, കൺട്രോളർ മുരുകാനന്ദം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ട്രെയിനുകൾ നേർക്കുനേർ: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - നേർക്കുനേർ
ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ കടന്നുപോകുന്ന ട്രാക്കിലേക്ക് മധുരയിലേക്കുള്ള വണ്ടി കടന്നുവരികയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സ്റ്റേഷൻ മാസ്റ്റർമാർ തമ്മിൽ ആശയവിനിമയം നടത്തിയതിലെ പിഴവാണ് സംഭവത്തിനു കാരണം. തിരുമംഗലം സ്റ്റേഷനിൽ ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ നിർത്തിയിരുന്നു. ഇതേ സമയത്തുതന്നെ ചെങ്കോട്ടയിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു. ഇരു ട്രെയിനുകളും 10 കിലോമീറ്റർ അകലത്തിലെത്തിയപ്പോൾ ട്രെയിനുകൾ നിർത്തിയത് വലിയ ദുരന്തം ഒഴിവാക്കി.
സിഗ്നൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ആശയക്കുഴപ്പം ഉണ്ടാകാൻ കാരണം. ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ കടന്നുപോകുന്ന ട്രാക്കിലേക്കു മധുരയിലേക്കുള്ള വണ്ടി കടത്തിവിടരുതെന്നു ജയകുമാർ ഭീം സിങ്ങിനു മൊബൈലിലൂടെ നിർദേശം നൽകിയിരുന്നു. എന്നാൽ ട്രാക്കിലേക്കു ട്രെയിൻ കടത്തിവിടണം എന്നാണു ഭീം സിങ് മനസിലാക്കിയത്. ട്രെയിൻ കടന്നുപോയോ എന്നറിയാൻ കല്ലിക്കുടി ഗേറ്റ് കീപ്പറെയും ജയകുമാർ ബന്ധപ്പെട്ടു. അൽപം മുൻപ് മധുരയിലേക്കുള്ള ട്രെയിൻ കടന്നുപോയതായി ഗേറ്റ് കീപ്പർ അറിയിക്കുകയായിരുന്നു. ഒരേ ട്രാക്കിലേക്കാണ് ഇരു ട്രെയിനുകളും എത്തുക എന്ന് മനസ്സിലാക്കിയ ജയകുമാർ ഉടൻ തന്നെ അപായ സന്ദേശം നൽകി അടിയന്തരമായി ട്രെയിനുകൾ നിർത്തിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.