ന്യൂഡൽഹി:ഇന്ത്യയിൽ നടക്കുന്ന പാക് ചാരവൃത്തി സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ചാരവൃത്തി നടത്തിയ രണ്ട് പേരെ ഇന്ത്യയിൽ നിന്ന് പുറത്താക്കി. പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനാലും ഇന്ത്യൻ സ്വദേശികളായി ആൾമാറാട്ടം നടത്തിയതിനാലുമാണ് ഇരുവരെയും 'പേഴ്സൊണ നോൺ ഗ്രെറ്റ' യായി പ്രഖ്യാപിക്കുകയും ഇന്ത്യയിൽ നിന്ന് കടത്തുകയും ചെയ്തത്. ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തൽ.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രണ്ട് പേരെ നാടുകടത്തി
ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തൽ.
രണ്ട് റെയിൽവേ ഉദ്യാഗസ്ഥരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരുവരെയും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഇന്ത്യൻ പൗരനെന്ന വ്യാജേന ഗൗതം എന്ന പേരിലാണ് ആബിദ് ഹുസൈൻ എന്നയാൾ റെയിൽവെ ഉദ്യോഗസ്ഥരെ സമീപിച്ചത്. തന്‍റെ മാധ്യമപ്രവർത്തകനായ സഹോദരന് റെയിൽവെ സംബന്ധിച്ച വാർത്ത ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആബിദ് റെയിൽവെ ജീവനക്കാരെ സമീപിച്ചത്. പ്രത്യുപകാരമായി പണവും വാഗ്ദാനം ചെയ്തു. തുടർന്ന് ട്രെയിൻ മാർഗമുള്ള ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കം സംബന്ധിച്ച കാര്യങ്ങൾ ആബിദ് അന്വേഷിച്ചു. സൈന്യം യാത്ര ചെയ്യുന്ന കോച്ചുകൾ ഏതൊക്കെ ആണെന്നും റെയിൽവെയിൽ എങ്ങനെ ജോലി തരപ്പെടുത്താമെന്നും ആബിദ് അന്വേഷിച്ചു. ആബിദിന് ഒപ്പം മുഹമ്മദ് താഹിറും ഉണ്ടായിരുന്നു.
ഇവരുടെ നീക്കങ്ങളിലും ചോദ്യങ്ങളിലും സംശയം തോന്നിയ റെയിൽവെ ജീവനക്കാർ വിവരങ്ങൾ കൈമാറിയില്ല.
റെയിൽവെ ഉദ്യോഗസ്ഥരെ കൂടാതെ സംഘം പ്രതിരോധ മേഖലയിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ 'കച്ചവടക്കാർ' എന്ന വ്യാജേനയാണ് സമീപിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടി നാടുകടത്തി.