ന്യൂഡൽഹി:കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശിലെ ചട്ടോഗ്രാം തുറമുഖം വഴി ചരക്ക് കപ്പൽ അഗർത്തലയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഇത്തരത്തിൽ ചരക്ക് കയറ്റി അയക്കുന്നത്. ഇത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്‍റെയും സാമ്പത്തിക പങ്കാളിത്തത്തിന്‍റെയും ചരിത്രപരമായ നാഴികക്കല്ലാണ്.
കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ നിന്ന് ചാറ്റോഗ്രാം തുറമുഖം വഴി അഗർത്തലയിലേക്കുള്ള ചരക്ക് കയറ്റിയ ആദ്യത്തെ ട്രയൽ കണ്ടെയ്നർ കപ്പൽ കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. വടക്കുകിഴക്കൻ മേഖലയുടെ കൂടുതൽ വികസനത്തിന് ഇത് സഹായിക്കുമെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും സമീപ വർഷങ്ങളിൽ മൽസ്യ ബന്ധനം ഉൾനാടൻ ജല വ്യാപാരം എന്നിവയിൽ സഹകരണം വർധിപ്പിച്ചിരുന്നു. ഉൾനാടൻ ജലഗതാഗതവും വ്യാപാരവും സംബന്ധിച്ച പോർട്ട് ഓഫ് കോൾ പ്രകാരം നിലവിലുള്ള ആറ് തുറമുഖങ്ങൾക്ക് പുറമേ, ഓരോ രാജ്യത്തും അഞ്ച് എണ്ണം കൂടി അടുത്തിടെ ചേർത്തിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും പ്രാപ്തമാക്കുന്നതിനായി കപ്പൽ യാത്രയ്ക്കിടെ നിർത്തുന്ന സ്ഥലമാണ് പോർട്ട് ഓഫ് കോൾ. തെരഞ്ഞെടുത്ത ബംഗ്ലാദേശ് ജലപാതകളിൽ ഫെയർവേ വികസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ ചെലവിന്‍റെ 80 ശതമാനവും ഇന്ത്യൻ സർക്കാർ വഹിക്കും, ബാക്കി തുക അയൽരാജ്യമായ ബംഗ്ലാദേശാകും വഹിക്കുന്നത്.