ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,429 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ 24,506 രോഗബാധിതരാണ് രാജ്യത്തുള്ളതെന്നും ഇതിൽ, 5063 പേർക്ക് കൊവിഡ് ഭേദമായതായും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 18,668 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ഇന്ത്യയിലെ ആകെ മരണ സംഖ്യ 775 ആയി ഉയർന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്‌ട്രയിലാണ് കൊവിഡ് വലിയ വിനാശം വിതക്കുന്നത്. സംസ്ഥാനത്തെ 6,817 കേസുകളിൽ 840 പേർ സുഖം പ്രാപിക്കുകയും 301 പേർ ഇതുവരെ മരിക്കുകയും ചെയ്‌തിട്ടുണ്ട്. 2,815 രോഗബാധിതരുള്ള ഗുജറാത്തിലാകട്ടെ 127 ആളുകളാണ് ഇതുവരെ മരിച്ചത്. 265 പേർക്ക് കൊവിഡ് ഭേദമായിട്ടുമുണ്ട്. രാജ്യതലസ്ഥാനത്ത് 2,514 കേസുകളുണ്ട്. 857 പേർ രോഗമുക്തി നേടിയെങ്കിലും ഡൽഹിയിൽ 53 പേരുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,755 ആയി. 866 പേർ രോഗം ഭേദമായവരുടെയും 22 പേർ വൈറസ് ബാധയിൽ മരിച്ചവരുടെയും കണക്കിൽപെടുന്നു. 27 പേരുടെ മരണവും 230 രോഗമുക്തിതരും ഉൾപ്പടെ 2,304 കേസുകളാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,852 ആണ്. ഇതിൽ 210 രോഗികൾ സുഖം പ്രാപിച്ചു. 92 പേർക്ക് ജീവൻ നഷ്‌ടമായി. ഉത്തർപ്രദേശിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 1,621 ആയി. 247 രോഗമുക്തി നേടിയവരും മരിച്ച 25 പേരും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 450 ആണ്.