ഷില്ലോംഗ്:ലോക്ക് ഡൗൺ കാരണം രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1,680 മേഘാലയ നിവാസികൾ സംസ്ഥാനത്തേക്ക് മടങ്ങിയതായി ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് അറിയിച്ചു. തിരിച്ചെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ആർക്കും കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും എല്ലാവരെയും 21 ദിവസത്തേക്ക് ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ പോർട്ടലിലോ അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലോ രജിസ്റ്റർ ചെയ്ത 3,000 മേഘാലയക്കാരിൽ ഉൾപ്പെട്ടവരാണ് മടങ്ങിയെത്തിയത്. ഞായറാഴ്ചയോടെ 1,400 മേഘാലയ നിവാസികൾ കൂടി എത്തുമെന്നും ടിൻസോംഗ് പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് -19 സ്ഥിരീകരിച്ച 12 പേരിൽ 10 രോഗികളും സുഖം പ്രാപിക്കുകയും, ഒരാൾ മരിക്കുകയും ചെയ്തു. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുറത്ത് കുടുങ്ങിയ മേഘാലയ നിവാസികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ ഈ വിഷയം ചർച്ച ചെയ്തു. ആഭ്യന്ത്രര, ഗതാഗത, റെയിൽവേ, മന്ത്രിമാർ എന്നിവരുമായി കേന്ദ്രമന്ത്രി കോൺറാഡ് സാങ്മ ബന്ധപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തതെന്നും ടിൻസോംഗ് പറഞ്ഞു.