മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ഉദ്യോഗസ്ഥനടക്കം 18 പൊലീസുകാർ മരിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ആകെ 1,671 പൊലീസുകാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 174 ഉദ്യോഗസ്ഥരും 1,497 മറ്റ് പൊലീസ് ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. കൂടാതെ, മഹാരാഷ്‌ട്രയിലെ പൊലീസുകാരിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്‌തത് മുംബൈയിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, 42 പൊലീസ് ഉദ്യോഗസ്ഥരും 499 കോൺസ്റ്റബിൾമാരും ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഇതുവരെ 18 പൊലീസുകാർ കൊവിഡ് ബാധിച്ച് മരിച്ചു - lock down
സംസ്ഥാനത്ത് ആകെ 1,671 പൊലീസുകാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ, കൊവിഡ് സ്ഥിരീകരിച്ച 42 പൊലീസ് ഉദ്യോഗസ്ഥരും 499 കോൺസ്റ്റബിൾമാരും ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത മാത്രമല്ല, സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ പൊലീസിന് പൊതുജനങ്ങളിൽ നിന്നും ആക്രമണങ്ങളും നേരിടേണ്ടിവരുന്നു. ഇങ്ങനെ സംസ്ഥാനത്തൊട്ടാകെ 246 പൊലീസുകാർ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 85 പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ഹോം ഗാർഡിനും പരിക്കേറ്റു. ഐപിസി സെക്ഷൻ 188 പ്രകാരം 1.1 ലക്ഷത്തിലധികം കുറ്റങ്ങൾ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ 22,753 പേരുടെ അറസ്റ്റും രേഖപ്പെടുത്തി.
മുംബൈ ഒഴികെ മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിൽ നിന്നായി മാത്രം 680 പേർക്കെതിരെ നിരീക്ഷണ നിബന്ധനകൾ ലംഘിച്ചതിന് കേസെടുത്തു. ലോക്ക് ഡൗണിൽ നിയമം ലംഘിച്ച് പുറത്തിറക്കിയ 69,435 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ ഇതുവരെ 5.22 കോടി രൂപ വരെ പിഴ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.